
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനിൽ പൂജപ്പുര സ്വദേശി മുഹമ്മദലിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച രാത്രി 11.30 ക്കായിരുന്നു ആക്രമണമുണ്ടായത്.
അട്ടക്കുളങ്ങര ജംഗ്ഷനിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇയാളെ 2 ബൈക്കിലായി എത്തിയ സംഘം അവിടെ നിന്നും വിളിച്ചിറക്കുകയും കുറച്ച് ദൂരം മാറ്റി നിർത്തി വെട്ടിക്കൊലപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. 4 പേർ ചേർന്ന് വളഞ്ഞിട്ട് വെട്ടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ഇവർക്കിടിൽ നേരത്തേയും പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് സൂചന.
മുഹമ്മദലിയുടെ വയറ്റിലും പുറത്തും വെട്ടേറ്റിട്ടുണ്ട്. നഗരത്തിലെ ഗുണ്ടാസംഘം തന്നെയാണ് ഇയാളെ വെട്ടിപരിക്കേൽപ്പിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പരുക്കേറ്റ മുഹമ്മദലി സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലായതിനാൽ മൊഴി രേഖപ്പെടുത്താനായിട്ടില്ല.