
കൊല്ലം: എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാവനാട് ആമിന മൻസിലിൽ നജ്മൽ (23), ഉമയനല്ലൂർ സെയ്തലി വില്ലയിൽ സെയ്തലി (22), വെള്ളിമൺ അൽത്താഫ് മൻസിലിൽ അൽത്താഫ് (22) എന്നിവരാണ് അറസ്റ്റിലായത്.
ചവറ പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. തെക്കൻ കേരളത്തിൽ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 208 ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. കൂടാതെ 33.8 ഗ്രാം കഞ്ചാവും പിടികൂടി. ഏകദേശം 20 ലക്ഷം രൂപയോളം വിലവരുന്ന ലഹരിയാണ് പിടികൂടിയത്.
ഓച്ചിറ,കൊല്ലം,ശക്തികുളങ്ങര,ചവറ, കരുനാഗപ്പള്ളി, ചാത്തന്നൂർ, പാരപ്പള്ളി എന്നിവിടങ്ങളിലെ സ്കൂളുകളിലേയും കോളെജുകളിലെയും വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്താനായി എത്തിച്ചതാണ് പിടികൂടിയ എംഡിഎംഎ. കൂടാതെ ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിലെ ആവശ്യക്കാർക്കും എത്തിച്ചുകൊടുക്കാറുണ്ടെന്ന് പ്രതികൾ മൊഴി നൽകി. കാറുകൾ വാടകയ്ക്കെടുത്ത് എംഡിഎംഎ ഇവിടേക്ക് കൊണ്ടുവരുകയും 0.5 ഗ്രാമിന്‍റെ ചെറിയ പൊതികളാക്കി വിൽപ്പന നടത്തുകയാണ് പ്രതികളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.