
തൃശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ച കേസിൽ 8 പേർ അറസ്റ്റിൽ
file image
തൃശൂര്‍: വാടാനപ്പള്ളി നടുവില്‍ക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 8 പേർ പിടിയിൽ. ബിന്‍ഷാദ് (36), അഷ്ഫാക്ക് (23), മുഹമ്മദ് അസ്‌ലം (28), ഷിഫാസ് (30), ഫാസില്‍ (24), ഷാഫി മുഹമ്മദ് (36), ആഷിഖ് (27), മുഹമ്മദ് റയീസ് (22) എന്നിവരെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 18ന് രാത്രിയോടയായിരുന്നു സംഭവം. ഷാഫിക്ക് മറ്റൊരാൾ പണം കൊടുക്കാനുള്ളതിനെ ചൊല്ലി ജൂണ്‍ 29ന് തൃത്തല്ലൂര്‍ വച്ച് നടന്ന അടിപിടിയില്‍ യുവാവ് ഇടപെട്ട് പ്രതികളെ പിടിച്ച് മാറ്റിയതിലുള്ള വൈരാഗ്യമാണ് യുവാവിനെ ആക്രമിക്കാനുള്ള കാരണമായത്.
യുവാവിനെ വീട്ടില്‍ നിന്നും നടുവില്‍ക്കര ദേശീയപാതയിലെ നിര്‍മാണ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ആവിടെ നിന്നും 2 പേർ ചേർന്ന് സ്‌കൂട്ടറില്‍ കയറ്റി തട്ടികൊണ്ടുപോവുകയായിരുന്നു. യുവാവിനെ വാടാനപ്പള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ച പ്രതികൾ ക്രൂരമായി ആക്രമിച്ച ശേഷം കൊല്ലാനും ശ്രമിച്ചു. യുവാവിന്‍റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈല്‍ ഫോണും ഇവര്‍ കവർന്നു.
ഇതിനിടെ, യുവാവിനെ തട്ടിക്കൊണ്ടുപോയതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് പ്രതികൾ യുവാവിനെ തടഞ്ഞു വച്ച് ആക്രമിച്ച ശാന്തി റോഡിലെ തെങ്ങിന്‍ പറമ്പിലെ ഒളിസങ്കേതം പൊലീസ് കണ്ടെത്തിയതോടെ പ്രതികൾ പിടിയിലാവുകയായിരുന്നു.