
ന്യൂഡൽഹി: മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരിയുടെ ദേഹത്തു മൂത്രമൊഴിച്ച ടിക്കറ്റ് പരിശോധകനെ (ടിടിഇ) റെയ്ൽവേ സർവീസിൽ നിന്നു പുറത്താക്കി (TTE urinate). ഇത്തരം പ്രവൃത്തികളോട് വിട്ടുവീഴ്ചയില്ലെന്നു വ്യക്തമാക്കിയ റെയ്ൽ മന്ത്രി അശ്വനി വൈഷ്ണവാണ് ടിടിഇയെ പുറത്താക്കിയ വിവരം അറിയിച്ചത്.
അമൃത്സറിൽ (amritsar) നിന്നു കോൽക്കത്തയിലേക്കുള്ള അകാൽതക്ത് എക്സ്പ്രസിലെ യാത്രക്കാരിക്കാണു ദുരനുഭവമുണ്ടായത്. ഉറങ്ങുകയായിരുന്ന സ്ത്രീയുടെ ശരീരത്തിലേക്ക് ബിഹാർ സ്വദേശിയും ടിടിഇയുമായ മുന്നകുമാറാണു മൂത്രമൊഴിച്ചത്.
യാത്രക്കാരിയുടെ നിലവിളി കേട്ട് ഉണർന്ന ഭർത്താവും മറ്റു യാത്രക്കാരും കൂടി ടിടിഇയെ റെയ്ൽവേ പൊലീസിനു കൈമാറി. അടുത്തിടെ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവങ്ങൾ വിവാദമായതിനു പിന്നാലെയാണു ട്രെയ്നിലും സമാന സംഭവം.