
ചെല്ലമ്മാൾ | കാളീശ്വരി
ദിണ്ടിഗൽ: യുവതി ഒളിച്ചോടിയതിനു പിന്നാലെ അവരുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ അമ്മയും മുത്തശ്ശിയും ജീവനൊടുക്കി. തമിഴ്‌നാട് ദിണ്ടിഗലിൽ ഒട്ടൻചത്രത്തിലാണ് സംഭവം. യുവതിയുടെ മുത്തശ്ശി ചെല്ലമ്മാൾ (65), അമ്മ കാളീശ്വരി (45), യുവതിയുടെ മക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിൽ കണ്ടെത്തിയത്.
ഭർത്താവുമായി അകന്ന് കഴിയുന്ന പവിത്ര എന്ന യുവതിയാണ് സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയത്. പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശ്ശിയും നിരന്തരം എതിർത്തിരുന്നുവെങ്കിലും ഇത് വകവയ്ക്കാതെ ചൊവ്വാഴ്ച ഇവർ ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെയാണ് രണ്ട് കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മയും മുത്തശ്ശിയും ജീവനൊടുക്കിയത്.
വ്യാഴാഴ്ച രാവിലെ വീട് അടഞ്ഞുകിടക്കുന്നതു കണ്ട് സംശയം തോന്നിയ അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.