കോൽക്കത്ത കൂട്ട ബലാത്സംഗ കേസ്; തൃണമൂൽ കോൺഗ്രസ് പ്രതിരോധത്തിൽ

കോളെജിലേക്ക് പെൺകുട്ടി ഒറ്റയ്ക്കു പോയതുകൊണ്ടാണു പീഡനം നേരിട്ടതെന്നാണ് മുതിർന്ന എംഎൽഎ മദൻ മിത്ര പ്രതികരിച്ചിരുന്നു
Trinamool Congress defends Kolkata gang rape case

മുഖ്യപ്രതി മനോജിത് മിശ്ര

Updated on

കോൽക്കത്ത: ലോ കോളെജ് ക്യാംപസിൽ നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് പ്രതിരോധത്തിൽ. തൃണമൂൽ കോൺഗ്രസ് വിദ്യാർഥി സംഘടനാ നേതാവ് മനോജിത്ത് മിശ്ര അറസ്റ്റിലായതിനു പിന്നാലെ നേതാക്കളുടെ നിലവിട്ട വാക്കുകളും വാക്പോരുമാണു പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. കോളെജിലേക്ക് പെൺകുട്ടി ഒറ്റയ്ക്കു പോയതുകൊണ്ടാണു പീഡനം നേരിട്ടതെന്നാണ് മുതിർന്ന എംഎൽഎ മദൻ മിത്ര പ്രതികരിച്ചിരുന്നു. പോകും മുൻപ് സുഹൃത്തുക്കളെ അറിയിക്കുകയും ആരെയെങ്കിലും ഒപ്പം കൂട്ടുകയും ചെയ്തിരുന്നെങ്കിൽ പീഡനമുണ്ടാവില്ലായിരുന്നെന്നും മിത്ര പറഞ്ഞു.

പരാമർശം വിവാദമായതോടെ മിത്രയെ തൃണമൂൽ കോൺഗ്രസ് തള്ളി. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാവശ്യപ്പെട്ടു പാർട്ടി സംസ്ഥാന അധ്യക്ഷൻ സുബ്രത ബക്ഷി, മിത്രയ്ക്ക് നോട്ടീസ് നൽകി. നേരത്തേ മുതിർന്ന എംപിമാരായ കല്യാൺ ബാനർജിയും മഹുവ മൊയ്ത്രയും ഈ വിഷയത്തിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എന്താണ് ചെയ്യാൻ കഴിയുക എന്ന ബാനർജിയുടെ പ്രതികരണമാണ് വിവാദമായത്.

രാജ്യത്തെ എല്ലാ പാര്‍ട്ടികളിലും സ്ത്രീവിരുദ്ധതയുണ്ടെന്നും എന്നാൽ, ആര് പ്രസ്താവന നടത്തിയാലും അതിനെ അപലപിക്കാൻ തയാറാകുന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ വ്യത്യസ്തമാക്കുന്നതെന്നുമുള്ള മറുപടിയുമായി ബാനർജിക്കെതിരേ മഹുവ മൊയ്ത്ര രംഗത്തെത്തി. ഇതിൽ പ്രകോപിതനായ ബാനർജി, സമീപകാലത്ത് മഹുവ മൊയ്ത്ര ബിജെഡി മുൻ എംപി പിനാകി മിശ്രയെ വിവാഹം ചെയ്തതിനെതിരേ ഒളിയമ്പുമായി രംഗത്തെത്തി.

ഹണിമൂണ്‍ ആഘോഷത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മഹുവ തന്നോട് തര്‍ക്കിക്കാൻ എത്തിയിരിക്കുകയാണെന്നും താൻ സ്ത്രീ വിരുദ്ധനാണെന്നാണ് മഹുവ ആരോപിക്കുന്നതെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു. 65വയസുള്ള ആളുടെ കുടുംബം തകര്‍ത്ത മഹുവ, ഒരു സ്ത്രീയെ വേദനിപ്പിച്ചുകൊണ്ടല്ലേ വിവാഹിതയായത്. ഈ രാജ്യത്തെ സ്ത്രീകള്‍ തീരുമാനിക്കും അവര്‍ കുടുംബം തകര്‍ത്തോ ഇല്ലയോ എന്ന്. ധാര്‍മികത പാലിക്കാത്തതിന് പാര്‍ലമെന്‍റിൽ നിന്ന് പുറത്താക്കപ്പെട്ട എംപിയാണ് എന്നെ ഉപദേശിക്കാനെത്തിയിരിക്കുന്നത്. സ്വന്തം ഭാവി എങ്ങനെ സുരക്ഷിതമാക്കണമെന്നും പണം എങ്ങനെയുണ്ടാക്കണമെന്നും മാത്രമാണ് മഹുവയ്ക്ക് അറിയാവുന്നതെന്നും ബാനര്‍ജി ആരോപിച്ചു. നേരത്തേയും മഹുവയും ബാനർജിയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

അതിനിടെ, ദേശീയ വനിതാ കമ്മിഷൻ അംഗം അർച്ചന മജുംദാർ ഞായറാഴ്ച കോളെജ് സന്ദർശിച്ചു. പീഡിപ്പിക്കപ്പെട്ട വിദ്യാർഥിനിയുടെ വിവരങ്ങൾ തനിക്കു കൈമാറാൻ പൊലീസ് തയാറാകുന്നില്ലെന്ന് ആരോപിച്ച അർച്ചന, പെൺകുട്ടിയുടെ രക്ഷിതാക്കളെ കാണുമെന്നും വ്യക്തമാക്കി.

ബുധനാഴ്ച രാത്രി ഏഴരയ്ക്കും 8.50നും ഇടയില്‍ സൗത്ത് കോല്‍ക്കത്ത ലോ കോളെജിലെ ഗാര്‍ഡ് റൂമിലായിരുന്നു അതിക്രമം. ചില രേഖകൾ പൂരിപ്പിക്കാൻ കോളെജിലെത്തിയപ്പോൾ മനോജിത്ത് മിശ്ര തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണു പെൺകുട്ടിയുടെ മൊഴി. മറ്റു രണ്ടു പേരും നോക്കിനിൽക്കുകയും വിഡിയൊ ചിത്രീകരിക്കുകയും ചെയ്തു.

കേസിൽ തൃണമൂൽ കോൺഗ്രസ് വിദ്യാർഥി സംഘടനാ നേതാവ് മനോജിത്ത് മിശ്ര, കൂട്ടാളികളായ സൈബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com