
ലൈംഗിക തൊഴിലാളികളെ കവർച്ചയ്ക്കിടയിൽ മർദിച്ചു; 2 ഇന്ത്യക്കാർക്ക് തടവും ചൂരൽ പ്രഹരവും ശിക്ഷ
സിംഗപ്പുർ ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറി ലൈംഗിക തൊഴിലാളികളെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസിൽ രണ്ട് ഇന്ത്യക്കാർക്ക് തടവു ശിക്ഷ. അഞ്ച് വർഷവും ഒരു മാസവുമാണ് തടവ് ശിക്ഷ . കൂടാതെ 12 ചൂരലടിയും വിധിച്ചിട്ടുണ്ട്. അറൊക്കിയസ്വാമി ഡെയ്സൺ , രാജേന്ദ്രൻ മയിലരസൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
അവധിക്കാലം ആഘോഷിക്കാനായാണ് ഇരുവരും സിംഗപ്പുരിൽ എത്തിയത്. ഏപ്രിൽ 23ന് എത്തിയ ഇരുവരും ലൈംഗിക തൊഴിലാളികളുടെ വിവരങ്ങൾ സംഘടിപ്പിച്ച് ഹോട്ടൽ മുറിയിൽ വച്ച് കാണാൻ ശ്രമിക്കുകയായിരുന്നു. ഹോട്ടൽ മുറിയിൽ വച്ച് കവർച്ചയ്ക്കു മുന്നോടിയായി കൈകാലുകൾ ബന്ധിക്കുകയും അടിയ്ക്കുകയും ചെയ്ത് പണവും പാസ്പോർട്ടും ബാങ്ക് കാർഡുകളും മോഷ്ടിച്ചതായാണ് ആരോപണം.
സാമ്പത്തിക ബുദ്ധിമുട്ടാണ് കവർച്ച നടത്താനുള്ള കാരണം. സിംഗപ്പുർ നിയമ പ്രകാരം കവർച്ചാശ്രമത്തിനിടെ ആക്രമിച്ചാൽ അഞ്ചു മുതൽ പന്ത്രണ്ട് വർഷം വരെ കഠിന തടവും 12 ചൂരൽ പ്രഹരവുമാണ് ശിക്ഷ.