
കോതമംഗലത്ത് വൻ ലഹരി വേട്ട: 18 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
കോതമംഗലം: പതിനെട്ട് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഖലീൽ മണ്ഡൽ (41), എസ്.കെ. സമീം (26) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓടക്കാലി പനിച്ചയം ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
പനിച്ചയം കള്ള് ഷാപ്പിന് സമീപം കഞ്ചാവ് കൈമാറാൻ നിൽക്കുകയായിരുന്നു. കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിൽ ആയിരുന്നു.. സമീം ബംഗാളിൽ നിന്ന് ശനിയാഴ്ച രാവിലെ ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചത്. ഖലീൽ മണ്ഡൽ നേരത്തെ പനിച്ചയം ഭാഗത്ത് കെട്ടിട നിർമാണ തൊഴിലാളിയായി ജോലി നോക്കിയിരുന്നു. കിലോക്ക് 25,000 രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിവന്നിരുന്നത്.
ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തിയവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ വി.എം. കേഴ്‌സൺ, എസ്ഐ ഇബ്രാഹിംകുട്ടി, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, ഇ.എം. രാജേഷ്, അരുൺ, ജിജോ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.