

ഗുജറാത്തിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു
ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് വ്യാജമദ്യ വിൽപനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഖരക്ഡി ഗ്രാമസ്വദേശിയായ ഉപേന്ദ്രസിങ് ഗോഹില്‍, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് മറ്റുള്ളവർ.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‍റെ പേരിലുള്ള വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്നാണ് മരണം. മധ്യപ്രദേശിൽ നിന്നാണ് വ്യാജ മദ്യം എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഇതിനു പിന്നിൽ ആരാണെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഭാവ്നഗർ പൊലീസ് കേസെടുത്തു. മദ്യത്തിന്‍റെ നിര്‍മാണവും വില്‍പനയും ഉപയോഗവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.