

ഭുവനേശ്വർ: ഒഡിഷയിൽ ക്രിക്കറ്റ് മത്സരത്തിനിടെ അംപയറെ കുത്തിക്കൊന്നു. ലക്കി റാവത്ത് (22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മഹീഷ്ലാൻഡിൽ അയൽഗ്രാമങ്ങളായ ബ്രഹ്മപൂർ, ശങ്കർപൂർ എന്നീ ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.
മത്സരത്തിനിടെ ബ്രഹ്മപൂർ ടീമിലെ താരം പുറത്തായെന്ന് അംപയറായ ലക്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലക്കിയുടെ തീരുമാനം തെറ്റാണെന്നും നോ ബോൾ വിളിക്കണമെന്ന് ആവശ്വപ്പെട്ട് ടീം അംഗങ്ങൾ രംഗത്തുവന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ബ്രഹ്മപൂർ ടീമിന്‍റെ ആരാധകൻ ഗ്രൗണ്ടിൽ എത്തുകയും ലക്കിയെ കത്തിവെച്ച് കുത്തുകയായിരുന്നു. ഉടൻ തന്നെ എസ്സിബി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ലക്കി മരിച്ചു.