

മരിച്ചാലും രക്ഷയില്ല!! സ്വർണത്തിനായി ശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ചു
representative image
ഹൈദരാബാദ്: തെലങ്കാനയിൽ ശ്മശാനത്തിൽ നിന്നും മൃതദേഹാവശിഷ്ടങ്ങളും ചിതാഭസ്മവും മോഷണം പോയതായി പരാതി. മേദക് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. സ്വർണത്തിനായി മോഷ്ടിച്ചതാണെന്നാണ് പൊലീസ് നിഗമനം.
ഒക്റ്റോബർ 30 നും 31 നുമായി മരിച്ച മുരാഡി നസ്റമ്മയുടെയും നാഗമണിയുടെയും മൃതദേഹങ്ങൾ വൈകുണ്ഠധാം ശ്മശാനത്തിലാണ് സംസ്ക്കരിച്ചിരുന്നത്. ശനിയാഴ്ച നാഗമണിയുടെ കുടുംബാഗങ്ങൾ സംസ്കാര സ്ഥലത്തെത്തിയപ്പോൾ പകുതി കത്തിയ മൃതദേഹ ഭാഗങ്ങൾ കുഴിച്ചെടുത്തതായി കാണുകയായിരുന്നു. അടുത്തുണ്ടായിരുന്ന നസ്റമ്മയുടെയും തലയുടെ ഭാഗത്തെ ഭസ്മം കാണാനില്ല. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംസ്കാര സമയത്ത് കുടുംബാംഗങ്ങൾ മരിച്ചയാളുടെ വായിൽ ചെറിയ സ്വർണക്കഷണങ്ങൾ വയ്ക്കാറുണ്ട്. കൂടാതെ പ്രായമായ സ്ത്രീകളുടെ കാതുകളിലെ ആഭരണങ്ങളടക്കൾ ഊരി മാറ്റാറില്ല. ഇത്തരത്തിൽ മൃതദേഹത്തിലുള്ള സ്വർണാഭരണങ്ങൾ എടുക്കാനായി മോഷ്ടാക്കളാണ് ഇത് ചെയ്തിരിക്കുക എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.