ഭാര്യയുടെ സോപ്പ് ഉപയോഗിച്ചു; ഒടുവിൽ ഭർത്താവ് ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ

13 വർഷം മുന്‍പ് വിവാഹിതരായ ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.
up man arrested for using wife's soap

ഭാര്യയുടെ സോപ്പ് ഉപയോഗിച്ചു; ഒടുവിൽ ഭർത്താവ് ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ

Updated on

അലിഗഡ്: ഭാര്യയുടെ സോപ്പ് ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം പൊലീസ് കേസിൽ അവസാനിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലെ ക്വാർസി പ്രദേശത്തെ 39 വയസുള്ള പ്രവീൺ കുമാർ ആണ് ഭാര്യയുടെ പരാതിയിൽ ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായത്. എന്തിനാണ് തന്‍റെ സോപ്പ് ഉപയോഗിച്ചതെന്ന് ചോദിച്ച് ഭാര്യ പ്രവീണിനെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമിടുന്നത്. നിസാര വഴക്ക് കൂടുതൽ വഷളായി കയ്യാങ്കളിയിലേക്കെത്തുകയും ഒടുവിൽ ഭാര്യ ഭർത്താവിനെതിരേ പരാതി നൽകുകയായിരുന്നു.

വെള്ളിയാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം. 13 വർഷം മുന്‍പ് വിവാഹിതരായ ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. പ്രവീൺ രണ്ട് ദിവസം മുമ്പ് കുളിക്കുന്നതിനിടെ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞ ഭാര്യ ഇത് ചോദ്യം ചെയ്തു. എന്നാൽ എന്‍റെ സാധനങ്ങൾ പലപ്പോഴും ഉപയോഗിക്കുന്നുണ്ടല്ലോ എന്നും അപ്പോഴൊന്നും താൻ പരാതി പറഞ്ഞില്ലല്ലോ എന്നും പ്രവീൺ തിരിച്ച് ചോദിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. നിസാര കാര്യത്തിന് തുടങ്ങിയ വഴക്ക് പിന്നീട് കയ്യാങ്കളിയിലേത്തി. ഇതോടെ ഭാര്യ പൊലീസിനെ വിളിച്ചു. പിന്നാലെ ക്വാർസി പൊലീസ് പ്രവീൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പ്രവീൺ കുമാർ ഭാര്യയെ ആക്രമിച്ചതായി വിവരം ലഭിച്ചതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും ക്വാർസി എസ്എച്ച്ഒ നരേന്ദ്ര ശർമ്മ പറഞ്ഞു. കുറ്റകൃത്യം തടയാൻ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 151 പ്രകാരമാണ് കുമാറിനെതിരേ കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ ജാമ്യത്തിൽ വിട്ടു. കയ്യാങ്കളിക്കിടെ നിസാരമായി പരുക്കേറ്റ യുവതിയേയും പ്രവീണിനെയും പൊലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചു.

ഇതിനിടെ ഒരു ചെറിയ കുടുംബ വഴക്കിന്‍റെ പേരിൽ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദിച്ചുവെന്ന് കുമാർ ആരോപിച്ചു. എന്നാൽ ഈ ആരോപണം ഡിഎസ്പി സർവം സിങ് നിഷേധിച്ചു. അതേസമയം, ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസം മൂലം ഭാര്യ പൊലീസിനെ വിളിക്കുന്നത് ഇതാദ്യമല്ലെന്നും "ദൈവത്തിന് നന്ദി, എനിക്ക് ജാമ്യം ലഭിച്ചവല്ലോ" എന്നും കുമാർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com