

വി.പി. നീഷ്മ
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു യുവതികൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ വലിയ പറമ്പിൽ വി.പി. നീഷ്മയാണ്(30) അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവർക്കൊപ്പമുള്ള ആളാണ് നീഷ്മയും.
വിഷയത്തിൽ കൂടുതൽ പേർ കണ്ണികളായിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നീഷ്മയും അറസ്റ്റിലായത്. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇരുവരും മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി എംഡിഎംഎ ഉപയോഗിക്കുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം വഴി വിൽപ്പനക്കാരുമായി ബന്ധപ്പെട്ടു. ലഹരി മാഫിയയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറയുന്നു. അമ്പതിനായിരം രൂപയ്ക്ക് 3000 രൂപയാണ് തങ്ങൾക്ക് കമ്മിഷൻ ആയി ലഭിച്ചിരുന്നതെന്നാണ് അധ്യാപികമാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇത് വിശ്വസനീയമല്ലെന്നും ഇരുവരും വലിയ തോതിൽ പണം ചെലവഴിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതിഫലം ലഭിച്ചിരുന്നുവെന്നാണ് കരുതുന്നതെന്നും പൊലീസ് പറയുന്നു.