
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം പനച്ചിക്കാട് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്റ്റർ വിജിലൻസിന്‍റെ പിടിയിൽ. 1000 രൂപ കൈക്കൂലി വാങ്ങുന്ന സമയത്താണ് വെറ്ററിനറി ഡോക്റ്റർ ജിഷ കെ.ജെയിംസിനെ വിജിലൻസ് മധ്യമേഖലാ എസ്.പി വി.ജി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവർ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പരാതിക്കാരന് ബ്ലൂഫിനോഫിലിൽ പൗഡർ പുരട്ടിയ നോട്ട് നൽകി വിടുകയായിരുന്നു. ഡോക്റ്റർ പണം കൈപ്പറ്റിയതിന് പിന്നാലെ എത്തിയ വിജിലൻസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു. ഡോക്റ്ററെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.