
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പനച്ചിക്കാട് സർക്കാർ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്റ്ററെ വിജിലൻസ് സംഘം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡോക്റ്റർ ഡോ.ജിഷാ കെ.ജെയിംസിനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇവരെ കോട്ടയം ജില്ലാ ജയിലിലേയ്ക്കാണ് റിമാൻഡ് ചെയ്തത്.
അമേരിക്കയിൽ പൊലീസ് ഓഫിസറായി വിരമിച്ച ശേഷം കോട്ടയം പനച്ചിക്കാട് കുഴിമറ്റത്ത് താമസിക്കുന്ന പ്രവാസിയുടെ കയ്യിൽ നിന്നുമാണ് ഡോക്റ്റർ ആയിരം രൂപ കൈക്കൂലി വാങ്ങിയത്. പ്രവാസിയുടെ ഫാമിൽ വളർത്തിയിരുന്ന എരുമ ചത്തു. ഇതേ തുടർന്ന് എരുമയുടെ മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്മോർട്ടം നടത്തണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഡോക്റ്ററെ സമീപിച്ചതോടെ 1000 രൂപ ഡോക്റ്റർ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഫാമുടമ വിജിലൻസിൽ പരാതി നൽകി. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ കിഴക്കൻ മേഖല കോട്ടയം പൊലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്റ്റർമാരായ എസ്.പ്രദീപ്, സജു എസ് ദാസ്, ജി.രമേഷ് എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് വെറ്റിനറി ഡോക്റ്റർ ജിഷയെ പിടികൂടിയത്.
വിജിലൻസ് ഓഫിസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ 1000 രൂപ പരാതിക്കാരനിൽ നിന്നും വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് മൃഗാശുപത്രിയിലെ ഡോ. ജിഷയുടെ ക്യാബിനിൽ വച്ച് ജിഷ കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. വിജിലൻസ് സംഘത്തിൽ സബ് ഇൻസ്‌പെക്റ്റർമാരായ സ്റ്റാൻലി തോമസ്, പി.എൻ പ്രദീപ്, വി.എം ജയ്‌മോൻ, ബി. സുരേഷ് കുമാർ, കെ.എൻ സുരേഷ്, വി.ടി സാബു, അസി.സബ് ഇൻസ്‌പെക്റ്റർമാരായ കെ.പി രഞ്ജിനി, കെ.ആർ സുരേഷ്, കെ.എസ് അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.പി രാജേഷ്, എ.പി സൂരജ്, സിവിൽ പൊലീസ് ഓഫിസർ ജാൻസി എന്നിവരും സംഘത്തിലുണ്ടായിരുന്നു.