ജന്മദിനാഘോഷത്തിനിടെ ക്യാമറയുടെ ബാറ്ററി തീർന്നു; വീഡിയോഗ്രാഫറുടെ വായിലേക്ക് വെടിവച്ചുകൊന്നു

ആശുപത്രി ഗേറ്റിന് സമീപം ഉപേക്ഷിച്ച ശേഷം ഇവരെല്ലാം രക്ഷപ്പെടുകയും ചെയ്തു.
Videographer shot dead after battery runs out
Videographer shot dead after battery runs out

പാട്ന: ജന്മദിനാഘോഷത്തിന്‍റെ വീഡിയോ പൂർണമായി ചിത്രീകരിച്ചില്ലെന്നാരോപിച്ച് വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു. ബിഹാറിലെ ദർബ്ഹംഗ ജില്ലയിലെ മഖ്ന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. സുശീൽ കുമാർ സാഹ്നി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാകേഷ് സാഹ്നിയുടെ മകളുടെ ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനായാണ് സുശീൽ എത്തിയത്. എന്നാൽ കാമറയിലെ ചാർജ് തീർന്നതോടെ ചിത്രീകരണം പാതിവഴി തടസപ്പെടുകയായിരുന്നു.

ഇതിൽ പ്രകോപിതനായാണ് പ്രതി വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നത്. ഇയാളുടെ വായിലാണ് വെടിയേറ്റത്. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച ശേഷം ഇവരെല്ലാം രക്ഷപ്പെടുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് അകത്തേക്ക് കൊണ്ടുപോയി ചികിത്സ നൽകിയത്. എന്നാൽ അധികം വൈകുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന ഭയത്താൽ ഇയാൾ കടന്നുകളഞ്ഞതാകാം എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാർ പ്രദേശത്തെ പ്രധാന റോഡ് ഉപരോധിച്ചു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചാണ് ഒടുവിൽ പ്രതിഷേധം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട യുവാവിന്‍റെ അച്ഛൻ പരാതി നൽകിയത് പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com