
കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കന്‍ തീര്‍ന്നുപോയതിന്‍റെ പേരിൽ കോഴിക്കോട് താമരശേരിയില്‍ ഹോട്ടൽ ജീവനക്കാർക്കു നേരെ അക്രമം. താമരശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അക്രമം ഉണ്ടായത്. കടയിലെത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മർദിച്ചത്.
രാത്രി പന്ത്രണ്ട് മണിക്കു ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കൻ ആവശ്യപ്പെടുകയും, ചിക്കൻ തീര്‍ന്നുപോയെന്ന് ജീവനക്കാർ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്‍റെ പേരിലാണ് സംഘര്‍ഷമുണ്ടായത്.
സംഘർഷത്തിൽ പരുക്കേറ്റ കടയുടമ പൂനൂര്‍ നല്ലിക്കല്‍ സയീദിനും ജീവനക്കാരനായ മെഹദി ആലമിനും താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. സംഭവത്തില്‍ രണ്ടുപേരെ താമരശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.