'വെർച്വൽ അറസ്റ്റ്' വിശ്വസിക്കല്ലേ; സൈബർ വലയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കൂ

വെർച്വൽ അറസ്റ്റിനെ കുറിച്ച് അറിയാൻ
virtual arrest

വെർച്വൽ അറസ്റ്റ്

Updated on

കൊച്ചി: വെർച്വർ അറസ്റ്റിനു പിന്നിലെ തട്ടിപ്പുകളെക്കുറിച്ച് നിരവധി വാർത്തകൾ പുറത്തു വന്നിട്ടും ഇപ്പോഴും തട്ടിപ്പു സംഘങ്ങൾ ഇതേ മാർഗവുമായി കുറ്റകൃ‌ത്യങ്ങൾ തുടരുകയാണ്. നിരവധി പേരാണ് ഇപ്പോഴും ചതിക്കുഴിയിൽ വീഴുന്നത്.സ്ത്രീകളെയും ബിസിനസുകാരെയുമാണ് സൈബർ സംഘങ്ങൾ നോട്ടമിടുന്നത്. റിസർവ് ബാങ്കിലെ ഉദ്യോഗസ്ഥൻ, അല്ലെങ്കിൽ കസ്റ്റംസ് അതുമല്ലെങ്കിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ കോളിലാണ് തുടക്കം. നിങ്ങൾ സാമ്പത്തിക കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും അതിനാൽ നിങ്ങൾ വെർച്വൽ അറസ്റ്റിലാണെന്നും പറയുന്നതോടെ ആരും ഒന്ന് ഭയക്കും.

‌ഞങ്ങൾ പറയും വരെ ഒരു പണമിടപാടും നടത്തരുതെന്നും കോളിൽ തന്നെ തുടരണമെന്നും ആവശ്യപ്പെടും. ഇതിനിടെ ചെറിയ തുക പിഴ അടച്ചാൽ‌ കേസിൽ നിന്ന് ഒഴിവാക്കാമെന്ന വാഗ്ദാനവും നൽകും. വിവരങ്ങൾ ആരോടും ഷെയർ ചെയ്യരുതെന്ന് താക്കീതും ചെയ്യും. കുറ്റകൃത്യം ചെയ്തതിനുളള പിഴ അല്ലെങ്കിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ഭീമമായ തുക ആവശ്യപ്പെടും. ഇതിലാണ് പലരും വീണ് പോകുന്നത്.

ഉദാഹരണത്തിന് പത്തനംതിട്ടയിലെ ഒരു വീട്ടമ്മയ്ക്ക് നിമിഷനേരത്തെ അശ്രദ്ധ കൊണ്ട് നഷ്ടമാകേണ്ടിയിരുന്നത് 21 ലക്ഷം രൂപയായിരുന്നു. ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വീട്ടമ്മയെ രക്ഷിച്ചത്. നിക്ഷേപ കാലാവധി കഴിയാത്ത എഫ്ബി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനെത്തിയ വീട്ടമ്മയുടെ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ബാങ്ക് ജീവനക്കാരാണ് സൈബർ തട്ടിപ്പ് പൊളിച്ച് കാര്യങ്ങൾ ഇവരെ മനസിലാക്കിയത്. ഡൽഹിയിൽ ഫ്ളാറ്റ് വാങ്ങാനാണ് തുക പിൻവലിക്കുന്നതെന്ന് പറഞ്ഞാണ് ഇവർ ബാങ്കിലെത്തിയത്. എന്നാൽ ഇവർ പണം നിക്ഷേപിക്കേണ്ട അക്കൗണ്ട് നമ്പർ പരിശോധിച്ചപ്പോൾ ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നി. കാര്യങ്ങൾ തിരക്കിയപ്പോഴാണ് വെർച്വൽ അറസ്റ്റിലാണെന്ന് വീട്ടമ്മ ഭയത്തോടെ വെളിപ്പെടുത്തിയത്. തുടർന്ന് സൈബർ സംഘം അയച്ച മെസേജും ചാറ്റും കാട്ടി കൊടുക്കുകയും ചെയ്തു.

വെർച്വൽ അറസ്റ്റ് ഉണ്ടോ ?

ഒരു അന്വേഷണ ഏജൻസിയും വെർച്വൽ അറസ്റ്റ് ചെയ്യാറില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. അന്വേഷണത്തിന്‍റെ ഭാഗമായി ഫണ്ട് കൈമാറാനും ആവശ്യപ്പെടാറില്ല. സംശയാസ്പദമായ ഇടപാടിൽ ഉടമയോട് മുൻകൂർ അനുവാദം ചോദിക്കാതെ അക്കൗണ്ട് മരവിപ്പിക്കാറാണ് ചെയ്യാറ്.സംശയാസ്പദമായ ആശയവിനിമയം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കുക. കൃത്യമായ വിവരം ലഭിക്കാതെ പണം കൈമാറരുത് കൂടാതെ സാമ്പത്തിക വിശദാംശങ്ങളും കൈമാറരുത്.

ഏത് ഏജൻസിയുടെ പേരിലാണ് വിളിക്കുന്നത് എന്ന് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉറപ്പുവരുത്തുക. അബദ്ധത്തിൽ സൈബർ തട്ടിപ്പിൽ അകപ്പെട്ടാൽ 24 മണിക്കൂറിനുളളിൽ 1930 എന്ന നമ്പറിൽ അറിയിച്ചാൽ പ്രതികളിലേക്ക് എത്താപ്പെടാൻ സാധിക്കും. അക്കൗണ്ട് മരവിപ്പിക്കൽ ഉൾപ്പെടെയുളള നടപടിയൂടെ പണം കൈമാറ്റം തടയാൻ സാധിക്കുമെന്നും സൈബർ വിഭാഗം അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com