അന്യഗ്രഹജീവിതം: ആര്യയ്ക്ക് ഇമെയില്‍ സന്ദേശമയച്ച ഡോണ്‍ ബോസ്കോ ആര്?

അജ്ഞാതനായ ഡോൺ ബോസ്‌കോ വെളിച്ചത്തു വരുന്നതോടെ കേസന്വേഷണത്തിൽ നിർണായക പുരോഗതി കൈവരിക്കാമെന്ന പ്രതീക്ഷ പൊലീസിനുണ്ട്
അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികൾ.
അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികൾ.

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മൂന്നു മലയാളികൾ മരിച്ച സംഭവത്തിൽ, മരിച്ച ആര്യയ്ക്ക് 2021 മുതല്‍ വ്യാജ ഇമെയിലില്‍ നിന്നു സന്ദേശം അയച്ചിരുന്ന ഡോണ്‍ബോസ്കോ ആരെന്നു വിവരം വൈകാതെ പുറത്തുവരും. ഡോൺബോസ്‌കോ എന്ന ഇമെയിൽ ഐഡി ആരാണെന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസിനു കൈമാറാമെന്ന് ഗൂഗിൾ അധികൃതർ സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇതു സംബന്ധിച്ച വിവരങ്ങൾ പൊലീസിനു ലഭിക്കും. എന്നാൽ, വിശദാംശങ്ങൾ ഉടൻ പുറത്തുവിടില്ലെന്നാണ് സൂചന.

എന്നാൽ, അജ്ഞാതനായ ഡോൺ ബോസ്‌കോ വെളിച്ചത്തു വരുന്നതോടെ കേസന്വേഷണത്തിൽ നിർണായക പുരോഗതി കൈവരിക്കാമെന്ന പ്രതീക്ഷ പൊലീസിനുണ്ട്. അന്യഗ്രഹ ജീവിതത്തെയും 'മിതി' യെയും സംബന്ധിച്ച വിവരങ്ങളാണ് ഈ ഐഡിയിലുള്ള മെയിലില്‍ നിന്നും ലഭിച്ചിരുന്നത്. ഡോൺബോസ്‌കോ എന്ന മെയിലിൽ നിന്നും ലഭിച്ച സന്ദേശം ചിലർക്ക് ആര്യ ഫോർവേഡ് ചെയ്തിരുന്നു. ഇതിൽ സൂചിപ്പിച്ചിട്ടുള്ള കല്ലുകള്‍ കഴിഞ്ഞ ദിവസം കാറിൽ നിന്നും കണ്ടെത്തിയിരുന്നു. മെയിൽ ഐഡിയുടെ ഉടമ നവീൻ ആകാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അന്യഗ്രഹ വാസത്തെയും ഇതിനായുള്ള ആഭിചാര ക്രിയകൾ നടത്തുന്നത് സംബന്ധിച്ചുമുള്ള വിവരം ലഭിച്ചത് ആരിൽ നിന്നാണെന്ന് സമാന്തരമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും അതിനെ പ്രതിരോധിക്കാൻ ഉയരം കൂടിയ പ്രദേശത്തേക്ക് മാറണമെന്നും നവീൻ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാണാതായപ്പോൾ ആര്യ ധരിച്ചിരുന്ന സ്വർണമാലയും വളകളും കമ്മലുമെല്ലാം മൃതദേഹത്തിൽ നിന്നും അപ്രത്യക്ഷമായതായി ബന്ധുക്കൾ ഇൻക്വസ്റ്റ് വേളയിൽ സ്ഥിരീകരിച്ചിരുന്നു. ഇത് എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെ സംബന്ധിച്ച് വ്യക്തമായ തെളിവുകൾ പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല.

യാത്രാ ചെലവിനും വിമാന ടിക്കറ്റിനുമായി ആഭരണങ്ങൾ വിൽക്കാനുള്ള സാധ്യതയാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. ഇവർ പത്തുദിവസം കഴക്കൂട്ടത്ത് ഉണ്ടായിരുന്നതിനാൽ ഈ മേഖലയിൽ ഏതെങ്കിലും സ്ഥാപനത്തിൽ വിൽക്കാനോ പണയം വയ്ക്കാനോ ആണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. മരിച്ച നവീന്‍റെ കാറിൽ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുത്തിരുന്നു. ഇക്കഴിഞ്ഞ 27ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഉപേക്ഷിച്ചുപോയ കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഡ്രാഗൺ, അന്യഗ്രഹ ജീവികൾ എന്നിവയുടെ ചിത്രങ്ങളും വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള കല്ലുകളും കണ്ടെത്തിയത്.

മരിച്ച ആര്യയുടെ ലാപ്ടോപ്പിൽ നിന്നും നേരത്തെ ലഭിച്ച ചിത്രങ്ങളിലുള്ള വസ്തുക്കൾ തന്നെയാണ് കാറിൽ നിന്നും കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് അന്യഗ്രഹ ജീവിതത്തിലേക്കുള്ള ആഭിചാര കർമ്മത്തിന്‍റെ സാധ്യതകള്‍ പൊലീസ് കൂടുതൽ ഉറപ്പിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com