"ഭാര്യയുടെ കൊലയാളിയെ കണ്ടെത്തിയില്ലെങ്കിൽ ഞാൻ മരിക്കും"; പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം

പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും ഫലമില്ലാതായതോടെയാണ് സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തത്.
Wife murdered, family members held after husband’s viral threat video

സുജാതയും ഗൗരീശങ്കറും

Updated on

രണ്ട് മാസമായി ഭാര്യയെക്കുറിച്ച് ഒരു അറിവുമില്ല. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ യുവാവ് സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയുടെ കൊലയാളിയെ കണ്ടെത്തിയില്ലെങ്കിൽ താൻ ജീവനൊടുക്കും എന്നായിരുന്നു യുവാവിന്‍റെ ഭീഷണി. വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. അവസാനം യുവതിയുടേത് ദുരഭിമാനക്കൊലയെന്ന് തെളിഞ്ഞു.

ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന കൊലപാതകമുണ്ടായത്. ഗൗരീശങ്കർ കുമാറിന്‍റെ ഭാര്യ 19 കാരിയായ സുജാത കുമാരി ആണ് അപ്രതീക്ഷിതമായി അപ്രത്യക്ഷയായത്. സ്കൂൾ കാലഘട്ടം മുതൽ ഇവർ പ്രണയത്തിലായിരുന്നു. രണ്ട് ജാതിയിൽ നിന്നുള്ളവരായതിനാൽ യുവതിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഈ വർഷം ജനുവരിയിൽ ഇരുവരും വീട് വിട്ടിറങ്ങി വിവാഹിതരാവുകയായിരുന്നു. തുടർന്ന് സുജാതയുടെ വീട്ടുകാർ ഗൗരീശങ്കറിനെതിരേ കേസുകൊടുത്തു. സുജാതയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ആരോപണം.

എന്നാൽ താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഗൗരീശങ്കറിനൊപ്പം പോയതെന്ന് സുജാത കോടതിയിൽ പറഞ്ഞു. ഹോളിക്ക് സുജാത സ്വന്തം വീട്ടിലേക്ക് പോയി. മാർച്ച് 31 നാണ് ഭാര്യയോട് അവസാനമായി സംസാരിക്കുന്നത് എന്നാണ് ഗൗരീശങ്കർ പറയുന്നത്. അതിനു ശേഷം സുജാതയെക്കുറിച്ചു ഒരു വിവരവുമുണ്ടായില്ല. ഭാര്യവീട്ടുകാർ സുജാതയെ അപായപ്പെടുത്തി എന്ന സംശയം ഗൗരീശങ്കറിനുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും ഫലമില്ലാതായതോടെയാണ് സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തത്.

തുടർന്ന് മുസാഫർപുർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവന്നത്. സുജാതയുടെ സഹോദരൻ അഭിഷേക് കുമാറാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സുജാത ഭർത്താവിനൊപ്പം വീണ്ടും പോകുമോ എന്ന് കുടുംബം ഭയപ്പെട്ടിരുന്നെന്നും ഇതിനെ തുടർന്നാണ കൊലപാതകം ആസൂത്രണം ചെയ്തത് എന്നുമാണ് അഭിഷേക് പൊലീസിനോട് പറഞ്ഞത്. മേയ് 8ന് സുജാതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബുദ്ദി ഗൻധക് നദീതീരത്ത് എത്തിച്ച് മൃതശരീരം കത്തിച്ചുകളയുകയായിരുന്നു. ഫോറൻസിക് ടീം സുജാതയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുജാതയുടെ കുടുംബത്തിലെ അഞ്ചുപേർ അറസ്റ്റിലായി.

logo
Metro Vaartha
www.metrovaartha.com