
ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു
ഏലൂർ: ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ബാങ്ക് അസിസ്റ്റന്‍റ് മാനേജർ ഇന്ദു കൃഷ്ണയ്ക്കു (35) നേരെയായിരുന്നു ബാങ്ക് മുൻ അപ്രൈസറുടെ അക്രമം. യൂണിയൻ ബാങ്ക് മഞ്ഞുമ്മൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥയാണ് ഇന്ദു. ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കത്തി കൊണ്ടുള്ള സെന്തിൽ കുമാറിന്‍റെ (44) വെട്ടിൽ ഇന്ദുവിന്‍റെ വലത് കൈപ്പത്തിക്ക് ഗുരുതര പരുക്കേറ്റു. കവിളിലും പുറത്തും മുറിവേറ്റിട്ടുണ്ട്.
ഇന്ദു ചേരാനെല്ലൂർ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. മാവേലിക്കര ആനന്ദഭവനം കുടുംബാംഗമാണ് ഇന്ദു. ബാങ്കിലെ അപ്രൈസർ ആയിരുന്ന തന്‍റെ ജോലി പോകാൻ കാരണക്കാരി ഇന്ദുവാണെന്നു പറഞ്ഞായിരുന്നു അക്രമം. ഇന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്യാനായിരുന്നു സെന്തിൽ കുമാറിൻ്റെ ശ്രമം.
കൊടുങ്ങല്ലൂർ പത്താഴശ്ശേരി ടി.കെ.എസ്. പുരത്ത് സെന്തിൽ കുമാർ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് ബൈക്കിൽ എത്തിയത്. ജോലി ചെയ്യുകയായിരുന്ന ഇന്ദുവിനെ വെട്ടിയപ്പോൾ ബാങ്കിലുണ്ടായിരുന്നു മറ്റു ജീവനക്കാർ ഓടിക്കൂടി സെന്തിൽ കുമാറിനെ പിടിച്ചുമാറ്റി വെട്ടുകത്തിയും പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ തന്നെയാണ് ഓട്ടോ റിക്ഷ വിളിച്ച് ഇന്ദുവിനെ മഞ്ഞുമ്മലിലെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
ഈ സമയം സെന്തിൽകുമാർ ബാങ്കിൽ നിന്ന് കിട്ടിയ മറ്റൊരു ചെറുകത്തിയുമായി ശൗചാലയത്തിൽ കയറി വാതിൽ അടച്ചു നെഞ്ചത്ത് കുത്തിയും കൈകളിൽ വെട്ടിയും ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് പോലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ് മയങ്ങിക്കിടക്കുകയായിരുന്ന ഇയാളെ പുറത്തെടുത്ത് ഓട്ടോ റിക്ഷയിൽ മഞ്ഞുമ്മൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
തൃക്കാക്കര അസിസ്റ്റൻറ് പോലീസ് കമ്മീഷണർ പി.എസ്. ഷിജു സ്ഥലത്ത് എത്തി അന്വേഷണം നടത്തി. ഏലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീവമാണ് കേസ് അന്വേഷിക്കുന്നത്.