
'പെൺകുഞ്ഞിന് ജന്മം നൽകി'; യുവതിയെ ഭർത്താവും അമ്മയും ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു
ധാംപൂർ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും ഭർത്താവിന്‍റെ അമ്മയും അറസ്റ്റിൽ. ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്നായിരുന്നു കൊലപാതകം. യുവതി പ്രസവിച്ച് രണ്ടാഴ്ചകൾക്കു ശേഷമാണ് ഭർത്താവും അമ്മയും ചേർന്ന് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
റൂബി ചൗഹാൻ എന്ന 25 വയസുകാരിയാണ് മരിച്ചത്. യുവതി ഭർത്താവിനും കുടുംബത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പെൺകുഞ്ഞിന് ജന്മം നൽകിയതിലെ നിരാശരായിരുന്ന കുടുംബം ശനിയാഴ്ചയോടെ റൂബി ചൗഹാനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തെ അറിയിക്കാതെ തിങ്കളാഴ്ച തിടുക്കത്തിൽ സംസ്കാരം നടത്തി.
ഉച്ചയോടെ അയൽ വാസികൾ വിവരം റൂബിയുടെ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് റൂബിയുടെ അമ്മ സുമിത്ര ദേവി മരുമകൻ മുകുൾ ചൗഹാനും അമ്മ സുശീലയ്ക്കുമെതിരേ പൊലീസിൽ പരാതി നൽകി. മുകുൾ മദ്യപാനിയാണെന്നും റൂബിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും അവർ ആരോപിച്ചു. റൂബി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെ അവരുടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളായി.
തിങ്കളാഴ്ച വൈകുന്നേരം പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും മുകുളിനെയും അമ്മ സുശീലയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതിയെ സംസ്കരിച്ച സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി.