
HIV പോസിറ്റീവായ സഹോദരനെ കൊന്ന് സഹോദരി!
ബംഗളൂരു: എച്ച്‌ഐവി പോസിറ്റീവായ 23 വയസുകാരനെ സ്വന്തം സഹോദരിയും സഹോദരീഭര്‍ത്താവും ചേർന്ന് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ മല്ലികാര്‍ജുനയെയാണ് (23) സഹോദരി നിഷ (25), നിഷയുടെ ഭര്‍ത്താവ് മഞ്ജുനാഥ് (38) എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ പിതാവിന്‍റെ പരാതിയിൽ നിഷയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍പോയ മഞ്ജുനാഥിനായി തെരച്ചില്‍ തുടരുകയാണെന്ന് ഹോളാൽക്കെരെ പൊലീസ് അറിയിച്ചു.
ജൂലൈ 23നാണ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ മലികാര്‍ജുനയെ വാഹനാപകടത്തെത്തുടര്‍ന്ന് ചിത്രദുർഗയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നാട്ടിലേക്കുള്ള യാത്രയിൽ ദേശീയപാത 48-ല്‍ ഹിരിയൂരിൽ വച്ച് യുവാവ് സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായ കൂട്ടുകാരനും സാരമായി പരുക്കേറ്റിരുന്നു.
കാലിന് പരുക്കേറ്റതിനാല്‍ ദാവനഗെരെയിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നൽകി ചികിത്സയിലിരിക്കെയാണ് യുവാവ് എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തുന്നത്. അനിയന്ത്രിതമായ രക്തസ്രാവം കാരണം അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ കുടുംബത്തോട് നിർദേശിച്ചു. തുടർന്ന് നിഷ യുവാവിനെ ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.
ജൂലൈ 25ന് വൈകിട്ട് അച്ഛന്‍റെ നിര്‍ദേശപ്രകാരം യുവാവിനെ ഉഡുപ്പിയിലെ ആശുപത്രിയിലേക്കു മാറ്റാനായി നിഷയും മഞ്ജുനാഥും വാഹനം ഏര്‍പ്പാടാക്കി. എന്നാൽ, പിറ്റേ ദിവസം പുലർച്ചെ മല്ലികാര്‍ജുനയുടെ മൃതദേഹവുമായാണ് ഇരുവരും വീട്ടില്‍ തിരിച്ചെത്തിയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് മരിച്ചെന്നായിരുന്നു പ്രതികള്‍ പിതാവിനോട് പറഞ്ഞത്.
എന്നാൽ, മകന്‍റെ കഴുത്തിലെ പാടുകള്‍ കണ്ടതോടെ പിതാവിന് സംശയം തോന്നി ഇവരെ ചോദ്യംചെയ്തതോടെ മകളും മരുമകനും കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പിതാവ് പൊലീസില്‍ വിവരമറിയിക്കുന്നത്.
സഹോദരന്‍റെ രോഗവിവരം കുടുംബത്തിന് അപമാനം വരുത്തുമെന്നും, രോഗം മാതാപിതാക്കളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും പ്രതികൾ ഭയപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. ഇതുമൂലം പ്രതികൾ മല്ലികാർജുനയെ പുതപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.