

നിതിൻ
കോതമംഗലം: കോതമംഗലം ബൈപാസ്സ് റോഡിൽ യുവതിയെ മർദിച്ച് അവശയാക്കി ഉപേക്ഷിച്ച കേസിൽ പ്രതിക്കെതിരേ കൂടുതൽ തെളിവുകൾ. ചേലാട്, മില്ലുംപടി തുമ്പറത്തുകൂടി നിതിൻ ഗോപാലനാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. അന്വേഷണത്തിൽ പ്രതി യുവതിയിൽ നിന്ന് പ്രണയം നടിച്ച് സ്വർണവും പണവും കൈപ്പറ്റിയെന്ന് പൊലീസ് കണ്ടെത്തി. നിതിനുമായി പോലീസ് കോതമംഗലത്ത് തെളിവെടുപ്പ് പൂർത്തിയാക്കി. നിതിൻ ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കിൽ യുവതി എത്തിയപ്പോഴുണ്ടായ പരിചയമാണ് അടുത്ത ബന്ധത്തിലേക്ക് വളർന്നത്.
പലതവണയായാണ് 12 പവൻ സ്വർണവും പണവും യുവതിയിൽ നിന്നും വാങ്ങിയെടുത്തത്. മറ്റൊരു വിവാഹം ഉറ പ്പിച്ചതോടെ ഈ ബന്ധത്തിൽ നിന്ന് പിന്മാറണ മെന്നും ഇനി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നും നിതിൻ യുവതിയെ അറിയിച്ചു. ഇതേ ച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
മർദനമേറ്റ് അബോധാവസ്ഥയിലായ യുവതി മരിച്ചെന്ന് കരുതി കൈകൾ കൂട്ടിക്കെട്ടി കാറിലിട്ട് കൊണ്ടുപോയി കോതമംഗലം ന്യൂ ബൈപ്പാസിലെ കോഴിപ്പിള്ളി ഭാഗത്തുള്ള കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സയ്ക്ക് ശേഷം യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുന്നത്തുനാട് പോലീസ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതി റിമാൻഡ് ചെയ്തു.