
വനിത ഡോക്റ്റർക്ക് നേരെയുണ്ടായ അതിക്രമം: ഡെന്‍റൽ അസോസിയേഷന്‍ ഉൾപ്പടെ ഇടപെട്ടതോടെ പ്രതി 14 ദിവസം റിമാൻഡിൽ
file image
പത്തനാപുരം: സ്വകാര്യ ദന്തൽ ക്ലിനിക്കിൽ വനിതാ ഡോക്റ്റർക്ക് നേരെ നടന്ന ക്രൂര മർദനത്തിൽ ഡെന്‍റൽ അസോസിയേഷനുകൾ ഇടപെട്ടതോടെ പ്രതിക്ക് 14 ദിവസം റിമാൻഡ്. പ്രതിയായ പത്തനാപുരം കുണ്ടയം കാരംമൂട് സൽദാൻ മൻസിലിൽ മുഹമ്മദ് സൽദാനെയാണ് (24) ജുഡീഷ്യൽ റിമാൻഡിൽ അയച്ചത്. മുമ്പ് ലഭിച്ച ജാമ്യം റദ്ദാക്കാൻ കോടതി തീരുമാനിച്ചതിന് പിന്നിൽ പ്രൈവറ്റ് ഡെന്‍റൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഓർത്തോടൊന്‍റിക് സൊസൈറ്റി, ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ എന്നിവർ നടത്തിയ ശക്തമായ ഇടപെടലാണ് നിർണായകമായത്.
ജൂലൈ 26ന് വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. ആശുപത്രി പൂട്ടാൻ നേരം ആശുപത്രിയിലേക്കു തള്ളിക്കയറിയ പ്രതി, ഡോക്റ്ററുടെ വായിൽ തുണി തള്ളി കയറ്റി ക്രൂരമായി മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ ഡോക്റ്റർക്ക് പരുക്കേറ്റതായി പത്തനാപുരം പൊലീസ് സ്ഥിരീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് 329 (3), 126 (2), 74 വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ കടയ്ക്കൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയെങ്കിലും 31വരെ ഇടക്കാല ജാമ്യം അനുവദിച്ചു വിട്ടയച്ചു.
നിലവിൽ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്താൽ ജാമ്യമില്ലാ കുറ്റമാണ്. 3വർഷം തടവ്, 50,000 രൂപ പിഴ എന്നിവയാണ് ശിക്ഷ. എന്നിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. സംഭവം പുറത്തായതോടെ ഡോക്റ്റർക്കെതിരായ ആക്രമണം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കെതിരായ ഗുരുതരമായ വെല്ലുവിളിയാണെന്ന് കണക്കാക്കി ഡെന്‍റൽ അസോസിയേഷനുകൾ രംഗത്തുവന്നു.
സംഘടനയുടെ പരാതിയുടെയും, ജനശ്രദ്ധയുടെയും പശ്ചാത്തലത്തിൽ കേസ് കുടുതൽ ഗൗരവമാകുകയും ചെയ്തു. വിഷയത്തിൽ അസോസിയേഷനുകൾ നൽകിയ നിയമസഹായം, മാധ്യമ ഇടപെടലുകൾ, പൊതുപ്രതിഷേധം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജുഡീഷ്യൽ റിമാൻഡ് ലഭിച്ചത്. സംഭവത്തിൽ വിശദമായ പൊലീസ് അന്വേഷണം തുടരുകയാണ്. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ അതാത് മന്ത്രിതല ഇടപെടലുകളും ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡന്‍റൽ അസോസിയേഷനുകൾ വ്യക്തമാക്കി.