
ഇൻസ്റ്റയിലെ 'വർക് ഫ്രം ഹോം' തട്ടിപ്പിൽ നഷ്ടപ്പെട്ടത് 5 ലക്ഷം രൂപ; പരാതിയുമായി യുവതി
കൊച്ചി: വർക് ഫ്രം ഹോം തട്ടിപ്പിലൂടെ 5 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതിപ്പെട്ട് കൊച്ചി സ്വദേശിനി. 5,75,000 രൂപയാണ് യുവതിക്ക് നഷ്ടമായത്. ഇൻസ്റ്റഗ്രാമിൽ കണ്ട വർക് ഫ്രം ഹോം വേക്കൻസിയുടെ റീലാണ് യുവതിയെ കുടുക്കിയത്. ദിവസവേദതനവും മാസവേതനവും വാഗ്ദാനം ചെയ്തു കൊണ്ടുള്ള റീലിൽ ക്ലിക് ചെയ്തതോടെ വാട്സാപ്പ് ചാറ്റിലേക്ക് പോകുകയായിരുന്നു. കടുവഞ്ചേരിയിലെ റസ്റ്ററന്‍റ് എച്ച്ആർ അസിസ്റ്റന്‍റ് എന്ന പേരിലാണ് തട്ടിപ്പുകാർ ചാറ്റ് ചെയ്തത്. റസ്റ്ററന്‍റിനെക്കുറിച്ചുള്ള റിവ്യു നൽകിയാൽ ദിവസം 5000 രൂപ വരെ നൽകാമെന്നായിരുന്നു വാഗ്ദാനം.
ഇതു വിശ്വസിച്ച് ജോലി ചെയ്ത യുവതിക്ക് 4130 രൂപയാണ് തട്ടിപ്പുകാർ ട്രാൻസ്ഫർ ചെയ്തു നൽകിയത്. പല ദിവസങ്ങളിലായി ഇത്രയും തുക ലഭിച്ചതോടെ യുവതി ഇവരെ വിശ്വസിച്ചു.കൂടുതൽ പണം ലഭിക്കുന്നതിനായി അഡ്വാൻസായി പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് യുവതി 5,75,000 രൂപ ട്രാൻസ്ഫർ ചെയ്തു.
പിന്നീട് ഇവർ യുവതിയെ ബ്ലോക്ക് ചെയ്തതോടെയാണ് പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.