
AI Representative image
ചണ്ഡിഗഡ്: ഇൻസ്റ്റഗ്രാം സുഹൃത്തുമായുള്ള അടുപ്പത്തെ ചോദ്യം ചെയ്ത ഭർത്താവിനെ യുട്യൂബറും സുഹൃത്തും ചേർന്ന് കൊന്ന് കാനയിൽ തള്ളി. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. കേസിൽ യുട്യൂബ് വീഡിയോകളിലൂടെ പ്രശസ്തയായ രവീണയെ അറസ്റ്റ് ചെയ്തു. രവീണയുടെ ഭർത്താവ് പ്രവീണാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്.
ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രവീണിനെ 2017ലാണ് രവീണ വിവാഹം കഴിച്ചത്. വിവാഹ ശേഷം പ്രവീൺ ധാരാളമായി മദ്യപിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ രവീണ സജീവമാകുന്നതിനെ പ്രവീൺ നിരന്തരമായി എതിർത്തിരുന്നുവെന്നും ഇതേ ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇരുവർക്കും ആറു വയസ്സുള്ള ഒരു മകനുമുണ്ട്.
ഒന്നര വർഷം മുൻപാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മറ്റൊരു യൂട്യൂബർ സുരേഷുമായി രവീണ അടുപ്പത്തിലായത്. മാർച്ച് 25ന് വീട്ടിലെത്തിയ പ്രവീൺ രവീണയെയും സുരേഷിനെയും മോശം സാഹചര്യത്തിൽ കണ്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതേ ചൊല്ലി മൂന്നു പേരും തമ്മിൽ വലിയ തർക്കമുണ്ടായി. ഒടുവിൽ സുരേഷിന്‍റെ സഹായത്തോടെ രവീണ ഭർത്താവിനെ കഴുത്തു ഞെരിച്ച് കൊന്നു. പിന്നീട് ഇരുവരും ചേർന്ന് ബൈക്കിൽ മൃതദേഹം കയറ്റി നഗരത്തിനു പുറത്തുള്ള കാനയിൽ കൊണ്ടു തള്ളി.
മൂന്നു ദിവസങ്ങൾക്കു ശേഷം പ്രവീണിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാനയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയ അന്വേഷണത്തിൽ രവീണയും സുരേഷുമാണ് മൃതദേഹം തള്ളിയതെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ രവീണ കുറ്റമേറ്റു പറഞ്ഞു. സുരേഷിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.