
വിവാഹാഭ്യർഥന നിരസിച്ചു; യുവതിയുടെ വീടിന് തീകൊളുത്തി യുവാവ്
ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ വിവാഹാഭ്യർഥന നിരസിച്ചതിന്‍റെ പേരിൽ യുവതിയുടെ വീടിനു തീകൊളുത്തി യുവാവ്. പരുക്കേറ്റ സുഖ്‌വീന്ദർ കൗർ എന്ന യുവതി നിലവിൽ ചികിത്സയിലാണ്. അപകടത്തിൽ യുവതിയുടെ മക്കൾക്കും പൊളളലേറ്റിട്ടുണ്ട്. ഇവരുടെ വീട്ടിൽ പച്ചക്കറി കൊണ്ടുവന്നിരുന്നയാളാണ് വീടിനു തീയിട്ടത്.
പഞ്ചാബിലെ ഏകതാ നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതിയും മക്കളും. പച്ചക്കറിയുമായി വീട്ടിലെത്തിയിരുന്ന യുവാവ് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവതിയെ സമീപിച്ചിരുന്നുവെന്നും, താത്പര്യമില്ലെന്നു മകൾ യുവാവിനോട് പറഞ്ഞിരുന്നുവെന്നും സുഖ്‌വീന്ദർ കൗറിന്‍റെ അമ്മ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിവാഹ കാര്യം പറഞ്ഞ് യുവതിയും യുവാവും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് യുവതി യുവാവിന്‍റെ മുഖത്തടിച്ചു. ശേഷം യുവാവ് ഒരു കാനില്‍ പെട്രോളുമായെത്തി യുവതിയുടെ വീട്ടിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പ്രതി സംഭവത്തിന് ശേഷം ഓടി രക്ഷപെട്ടു. നാട്ടുകാരാണ് യുവതിയെയും മക്കളെയും ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്.