

സിമ്രാൻ പട്ടേൽ
സൂറത്ത്: ഗുജറാത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള 500 രൂപ നോട്ട് ഉപയോഗിച്ച് അപകീർത്തികരമായ റീൽ പോസ്റ്റ് ചെയ്ത കണ്ടന്‍റ് ക്രിയേറ്ററായ യുവതിയെ അറസ്റ്റ് ചെയ്തു. സൂറത്തിലാണ് സംഭവം.
സൂറത്തിലെ അഡജാൻ സ്വദേശിനിയായ സിമ്രാൻ പട്ടേൽ (47) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിൽ ഇവർക്ക് 10 ലക്ഷം ഫോളോവർമാരുണ്ട്. ഗാന്ധി ജയന്തിയുടെ ഭാഗമായി ഒക്റ്റോബർ ഒന്നിനാണ് ഇവർ കേസിനാസ്പദമായ വീഡിയോ പോസ്റ്റ് ചെയ്തത്. തുടർന്ന് സാമൂഹിക പ്രവർത്തകനായ ധർമേഷ് ഗാമി എന്നയാൾ സൂറത്ത് ക്രൈം ബ്രാഞ്ചിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്ത സൈബർ ക്രൈം പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൂറത്ത് സിറ്റി പൊലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. അപകീർത്തികരമായ റീൽ ചെയ്തതിന് സിമ്രാൻ മാപ്പ് പറയുന്നതും പൊലീസിന്‍റെ വീഡിയോയിലുണ്ട്.
മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഐടി നിയമത്തിലെ 67ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
17 വർഷം മുൻപ് വിവാഹിതയായ സിമ്രാൻ സൂറത്തിൽ സ്ഥിരതാമസമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ സ്ഥിരമായി ഷോർട്ട് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. 12ാം ക്ലാസ് വരെയാണ് സിമ്രാൻ പഠിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.