

ഡൽഹിയിലെ കഫേയിൽ യുവതിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലുള്ള കഫേയിൽ 22കാരിയായ യുവതിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണ്.
യുവതിയും പ്രതികളും ഒരേ കഫേയിൽ ജോലി ചെയ്യുന്നവരാണ്. തിങ്കളാഴ്ച രാത്രി സഹപ്രവർത്തകർക്കൊപ്പം പ്രീത് വിഹാറിലെ സാൾട്ടനേറ്റ് കഫേയിൽ യുവതി പാർട്ടിയിൽ പങ്കെടുത്തിരുന്നു. രാത്രി 11.30ന് കഫേ അടച്ചെങ്കിലും സംഘത്തിലൊരാളുടെ കൈവശം താക്കോൽ ഉണ്ടായിരുന്നതിനാൽ പിന്നീട് വീണ്ടും തുറന്നു.
തുടർന്ന് സംഘം കഫേയിൽ മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെയാണ് സംഘം കഫേയിൽ നിന്ന് പുറത്തുപോയത്. പാർട്ടിക്കിടെ രണ്ട് പുരുഷന്മാർ തന്നെ കൂട്ടബലാത്സംഗം ചെയ്തെന്നും സംഘത്തിലെ മറ്റുള്ളവർ ഇതിന് സഹായിച്ചെന്നുമാണ് യുവതിയുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമെതിരേ പൊലീസ് കേസെടുത്തു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും ശേഷിക്കുന്നവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.