പതിനാലുകാരി ഗർഭിണിയായ കേസിൽ ജയിലിൽ കഴിഞ്ഞ യുവാവ് നിരപരാധി

ഡിഎൻഎ ഫലം വന്നപ്പോഴാണ് യുവാവ് നിരപരാധിയെന്ന് തെളിഞ്ഞത്. നിയമ പോരാട്ടത്തിനൊടുവിൽ യഥാർഥ കുറ്റവാളിയെയും കണ്ടെത്തി.
DNA test, representative image
DNA test, representative image

തൊടുപുഴ: പതിനാലുകാരി ഗർഭിണിയായതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധി. ഡിഎൻഎ ഫലം വന്നപ്പോഴാണ് യുവാവ് നിരപരാധിയെന്ന് തെളിഞ്ഞത്. നിയമ പോരാട്ടത്തിനൊടുവിൽ യഥാർഥ കുറ്റവാളിയെയും കണ്ടെത്തി. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ.എം. വിനീതിനെയാണ് (24) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജു കുറ്റവിമുക്തനാക്കിയത്.

2019 ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ എത്തിയ പതിനാലുകാരി പരിശോധനയിൽ 4 മാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. തന്നെ പീഡിപ്പിച്ചത് ആരെന്ന് ആദ്യം പെൺകുട്ടി പറഞ്ഞില്ല. എന്നിട്ടും, കൂലിപ്പണിക്ക് പോയ തന്നെ ഉപ്പുതറ പൊലീസ് ബലമായി പിടികൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് വിനീത് പറയുന്നു.

വിനീതല്ല ഉത്തരവാദിയെന്ന് പെൺകുട്ടിയും അമ്മയും പൊലീസിനോട് പറഞ്ഞു. ഇതോടെ വിനീതിനെ പറഞ്ഞുവിട്ടു. എന്നാൽ, പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടി മൊഴി നൽകിയെന്നു പറഞ്ഞ് പിന്നീട് അറസ്റ്റ് ചെയ്തു. വിനീത് 6 തവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.

ഇതിനിടെ ഡിഎൻഎ ഫലം വന്നു. പെൺകുട്ടിയുടെ കുഞ്ഞിന്‍റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു. പിന്നാലെ, തന്‍റെ അർധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിമാറ്റി. അർധസഹോദരനും ജയിലിലായി. ഡിഎൻഎ പരിശോധനയിൽ, കുഞ്ഞിന്‍റെ അച്ഛൻ ഇയാളുമല്ലെന്ന് കണ്ടെത്തി. കേസിന്‍റെ വിസ്താരം തുടങ്ങാത്തതിനാൽ ഇയാൾ ഇപ്പോഴും ജയിലിൽ കഴിയുകയാണ്.

കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് പെൺകുട്ടിയുടെ കുഞ്ഞിന്‍റെ അച്ഛനെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്. നഷ്ടപരിഹാരം കിട്ടും വരെ നിയമപോരാട്ടം തുടരുമെന്ന് വിനീത് പറഞ്ഞു. അഭിഭാഷകരായ ജോബി ജോർജ്, ജെയിംസ് കാപ്പൻ, ബൈജു ബാലകൃഷ്ണൻ എന്നിവരാണ് വിനീതിനു വേണ്ടി കോടതിയിൽ ഹാജരായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com