
അടൂർ : പ്രണയബന്ധത്തിൽപ്പെടുത്തിയശേഷം പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അടൂർ പോലീസ് പിടികൂടി. അടൂർ പഴകുളം തെന്നാപ്പറമ്പ് മാവിള കിഴക്കേതിൽ സുധിയാണ് (21) അറസ്റ്റിലായത്.
രണ്ടുവർഷം മുമ്പ് പരിചയപ്പെട്ട് ഇഷ്ടത്തിലാവുകയും, കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഒരു ദിവസം രാവിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറിയും, തുടർന്ന് ഡിസംബർ അവസാന ആഴ്ചയിൽ ഉച്ചയ്ക്ക് ഇയാളുടെ വീടിനടുത്തുള്ള ഷെഡ്ഡിൽ വച്ചും പീഡിപ്പിച്ചു എന്നാണ് കേസ്.
ഏപ്രിൽ പത്തൊമ്പതിന് രാവിലെ പെൺകുട്ടിയും ബന്ധുവായ യുവാവും ഒരുമിച്ചുനിൽക്കുന്ന ഫോട്ടോ ഫോണിൽ കണ്ട് പ്രകോപിതനായി കുട്ടിയെ മർദിക്കുകയും ഫോൺ എറിഞ്ഞുടയ്ക്കുകയും തുടർന്ന് മോട്ടോർ സൈക്കിളിൽ കയറ്റി കോട്ടയത്ത് എത്തിച്ച് ലോഡ്ജിൽ വച്ച് പിറ്റേന്ന് രാത്രി വരെ പലതവണ പീഡിപ്പിക്കുകയും ചെയ്തു.
ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്നുള്ള വിവരമനുസരിച്ച് വനിതാ പോലീസ് കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്‍ററിലെത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക നടപടികൾക്ക് ശേഷം, അന്വേഷണം ഊർജിതമാക്കിയതിനെതുടർന്നു കോട്ടയം കാണക്കാരിയിൽ നിന്നു പ്രതിയെ പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടിൽ രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.