

കോട്ടയം: മുണ്ടക്കയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം പുലിക്കുന്ന് ഭാഗത്ത് പാലയ്ക്കൽ വീട്ടിൽ രാജേഷ് എന്ന് വിളിക്കുന്ന ഷിജി (41) എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും വീട്ടമ്മയുടെ മകളെക്കുറിച്ച് മോശമായ തരത്തിൽ പേപ്പറിൽ എഴുതി വയ്ക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മ മുണ്ടക്കയം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിന് നേരെ ഇയാള്‍ വാക്കത്തിയും കല്ലും കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിൽ പൊലീസ് ഉദ്യോഗസ്ഥന് പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇവിടുന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ.എസ്.ഐ കെ.വി വിപിൻ, സി.പി.ഓ മാരായ അജീഷ് മോന്‍, വിനോജ്കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.