

കൊല്ലപ്പെട്ട മായങ്ക് ലോഹര്‍ (ഇടത്), കത്തിയുമായി നില്‍ക്കുന്ന അക്രമി (വലത്)
മുംബൈ: കനത്ത മഴയ്ക്കിടെ മുംബൈ ലോക്കല്‍ ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
മായങ്ക് ലോഹര്‍ (21) ആണ് കൊല്ലപ്പെട്ടത്. ചര്‍ച്ച്‌ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കല്‍ ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍. യാത്രയ്ക്കിടെ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി മറ്റൊരു യാത്രക്കാരനായ റോഷന്‍ സുവര്‍ണയുമായി തര്‍ക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ റോഷന്‍ ബാഗില്‍ നിന്ന് കത്തിയെടുത്ത് മായങ്കിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മറ്റു യാത്രക്കാരുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. എന്നാല്‍ ആരും തന്നെ അക്രമിയെ തടയാന്‍ മുതിര്‍ന്നില്ല. ആക്രമണം നടത്തിയശേഷം കത്തിയുമായി അക്രമി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. കുത്തേറ്റു ഗുരുതമായി പരുക്കേറ്റ മായങ്ക് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. വിവരമറിഞ്ഞ് റെയില്‍വെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.