
തൃശൂർ: ഏറെ പ്രശസ്‌തമായ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. തൃശൂർ വടക്കാഞ്ചേരി എങ്കക്കാട് ദേശം ഭാരവാഹികൾ നൽകിയ അപേക്ഷയിലാണ് അനുമതി ലഭിച്ചത്. നാളെയാണ് പൂരം. പൂരം ദിവസം രാത്രി ഏഴിനും പത്തിനും ഇടയിലാണ് വെടിക്കെട്ട് നടത്താൻ അനുമതി ലഭിച്ചത്. തൃശൂർ ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് റെജി പി ജോസഫിൻ്റെതാണ് ഉത്തരവ്.
ക്ഷേത്രം ഭാരവാഹികൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ സുരക്ഷ ഉറപ്പാക്കി വെടിക്കെട്ട് നടത്തുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഉറപ്പ് നൽകിയതിനാലാണ് അനുമതി നൽകിയത്.
നേരത്തെ ഉത്രാളിക്കാവിൽ സാമ്പിൾ വെടിക്കെട്ടിനും പറയെഴുന്നള്ളിപ്പിനും അനുമതി ലഭിച്ചിരുന്നു. പൂരത്തിന് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ പൊലീസിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.