കോട്ട കാത്ത് മധ്യകേരളം

കർഷകരുടെ അതൃപ്തിയും യുഡിഎഫിന്‍റെ പെട്ടിയിൽ വോട്ടായി മാറിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന
കോട്ട കാത്ത് മധ്യകേരളം
Updated on

#ജിബി സദാശിവൻ

കൊച്ചി: യുഡിഎഫ് രാഷ്‌ട്രീയത്തിന് മധ്യകേരളവുമായി അഭേദ്യമായ ബന്ധമുണ്ട്. കേരള കോൺഗ്രസുകളുടെ രാഷ്‌ട്രീയവും ക്രൈസ്തവ ബെൽറ്റും എന്നും യുഡിഎഫിന്‍റെ പിൻബലമായിരുന്നു. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ പ്രത്യക്ഷമായും പരോക്ഷമായും "ചങ്ങനാശേരി'യുടെ ആനുകൂല്യം ഏറ്റവും അധികം ലഭിച്ചിട്ടുള്ളതും യുഡിഎഫിനാണ്.

കോൺഗ്രസിനെ സംബന്ധിച്ചും മധ്യകേരളം നട്ടെല്ലാണ്. തെക്കൻ കേരളം പൂർണമായും ഇടത്തേക്കു ചാഞ്ഞപ്പോഴും മധ്യ കേരളം പാറ പോലെ കോൺഗ്രസിനും യുഡിഎഫിനുമൊപ്പം ഉറച്ചു നിന്ന ചരിത്രമാണുള്ളത്. എറണാകുളം ജില്ല പതിറ്റാണ്ടുകളായി കോൺഗ്രസിന്‍റെ പൊന്നാപുരം കോട്ടയാണ്. മധ്യകേരളത്തിൽ മികച്ച വിജയം നേടാൻ യുഡിഎഫിന് കഴിഞ്ഞെന്ന് മാത്രമല്ല നല്ല ഭൂരിപക്ഷം നേടാനും കഴിഞ്ഞു.

കോട്ടയത്തെ വിജയം യുഡിഎഫിന് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടതിന് ശേഷം ശക്തി തെളിയിക്കാൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ്‌ കോൺഗ്രസും യുഡിഎഫും. പാലാ നിയമസഭാ സീറ്റിൽ ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയതിന് ശേഷം മാധുര്യമേറിയ മറ്റൊരു വിജയമാണ് കോട്ടയത്തെ ഫ്രാൻസിസ് ജോർജിന്‍റെ വിജയം. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിധ്യവും കോട്ടയത്തെ ഇടതു സ്‌ഥാനാർഥിയുടെ പരാജയത്തിന്‍റെ ആക്കം കൂട്ടി.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ സാമാന്യം നല്ല ഭൂരിപക്ഷമാണ് യുഡിഎഫ് സ്‌ഥാനാർഥികൾക്ക് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ യുഡിഎഫിന്‍റെ ഉറച്ച വോട്ടുകളിൽ ഷിഫ്റ്റ് പ്രകടമായിരുന്നെങ്കിലും പൂർണമായും യുഡിഎഫിനെ കൈവിട്ടിരുന്നില്ല. എന്നാൽ പരമ്പരാഗത വോട്ട് ബാങ്ക് കൈവിട്ടിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം.

ഇതിൽ എറണാകുളത്തെ വിജയമാണ് എടുത്തു പറയേണ്ടത്. പോളിങ് ശതമാനം നന്നേ കുറഞ്ഞിട്ടും ഇടതു സ്‌ഥാനാർഥി നേടിയതിനേക്കാൾ കൂടുതൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഹൈബി ഈഡന് വിജയിക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഡീൻ കുര്യാക്കോസിന്‍റെ വിജയത്തിനും തിളക്കമേറെ. കർഷകരുടെ അതൃപ്തിയും യുഡിഎഫിന്‍റെ പെട്ടിയിൽ വോട്ടായി മാറിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.

ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ലെന്ന് വേണം കരുതാൻ. എന്നാൽ, എറണാകുളം ഒഴിച്ചുള്ള മണ്ഡലങ്ങളിൽ ബിജെപി വലിയ മുന്നേറ്റം നടത്തി എന്നതു ഗൗരവത്തോടെ കാണേണ്ടതുണ്ട്. മധ്യകേരളം ഇപ്പോഴും ഇടതിന് ബാലികേറാമലയായി തുടരുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലവും തെളിയിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com