സോളാർ സമരം ഒത്തുതീർപ്പാക്കാൻ ബ്രിട്ടാസ് ഇടപെട്ടെന്ന് മാധ്യമ പ്രവർത്തകൻ

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നു ജോൺ ബ്രിട്ടാസ് ചോദിച്ചതായി ജോൺ മുണ്ടക്കയം
സോളാർ സമരം ഒത്തുതീർപ്പാക്കാൻ ബ്രിട്ടാസ് ഇടപെട്ടെന്ന് മാധ്യമ പ്രവർത്തകൻ
ജോൺ ബ്രിട്ടാസ്ഫയൽ

തിരുവനന്തപുരം: സോളാർ കേസിൽ സിപിഎം നടത്തിയ സമരം പിൻവലിച്ചതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ഈ കേസിൽ സിപിഎം നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം ഒത്തുതീർപ്പാക്കിയതിന് കൈരളി ചാനൽ എംഡിയായിരുന്ന ജോണ്‍ ബ്രിട്ടാസ് ഇതിനുള്ള ഇടപെടലുകള്‍ നടത്തിയതായി 'മലയാള മനോരമ' മുൻ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം 'സമകാലിക മലയാളം' ആഴ്ചപ്പതിപ്പിൽ എഴുതിയതാണ് ഇപ്പോഴത്തെ വിവാദത്തിനു കാരണം.

സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേയെന്ന് ജോണ്‍ ബ്രിട്ടാസ്, ജോണ്‍ മുണ്ടക്കയത്തോട് ഫോണില്‍ ചോദിച്ചു. മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ബ്രിട്ടാസിന്‍റെ ഫോണെന്ന് അദ്ദേഹത്തിന് മനസിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസ് ചോദിച്ചതെന്നും അദ്ദേഹം എഴുതി.

അതേസമയം, സോളാര്‍ സമരം സിപിഎം നേതാക്കള്‍ തന്നെ ഇടപെട്ട് ഒത്തുതീര്‍ക്കുകയായിരുന്നുവെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്‍റെ ആരോപണം ഭാവനയുടെ ഭാഗം മാത്രമെന്നാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതികരണം. സമരം നിര്‍ത്താനായി തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ചെറിയാന്‍ ഫിലിപ്പിന്‍റെ ഫോണിലായിരുന്നു വിളിച്ചത്. ഒത്തുതീര്‍പ്പിന് തയാറെന്ന് തിരുവഞ്ചൂര്‍ അറിയിച്ചു. ഇപ്പോൾ, തിരുവഞ്ചൂരിന്‍റെ തിരക്കഥ അനുസരിച്ചാകാം ജോൺ മുണ്ടക്കയം സംസാരിക്കുന്നത്. സോളാർ സമരം സിപിഎം ഒത്തുതീർപ്പാക്കിയെന്ന് ഇപ്പോൾ ആരോപിക്കുന്ന ജോൺ മുണ്ടക്കയം ഇത്രയും "വിലപ്പെട്ട വിവരങ്ങൾ' കിട്ടിയെങ്കിൽ അന്ന് മനോരമയിൽ വാർത്ത കൊടുക്കാത്തതെന്താണെന്നും ബ്രിട്ടാസ് ചോദിച്ചു.

സോളാർ സമരം നടന്നാൽ കേരളം കുരുതിക്കളമാവുമെന്ന് ആശങ്കപ്പെട്ട് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതായി ചെറിയാൻ ഫിലിപ്പ് സമ്മതിച്ചു. കൈരളിയിലെ ജോൺ ബ്രിട്ടാസിന്‍റെ മുറിയിലിരുന്ന താൻ തിരുവഞ്ചൂരിന്‍റെ ഫോൺ ബ്രിട്ടാസിന് കൈമാറി. ബ്രിട്ടാസ് സംസാരിച്ചത് ഞാൻ പറഞ്ഞിട്ടാണ്. അന്ന് ഒത്തുതീർപ്പിന് ഇടപെട്ടത് വലിയൊരു ദുരന്തം ഒഴിവാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

സോളാർ കേസ് കോൺഗ്രസിനു വേണ്ടി സിപിഎം ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്‍റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com