സാംസ്കാരിക പ്രവർത്തകർ അരാജകവാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സ്വാതന്ത്ര്യ ദിനാഘോഷം അടുത്തിരിക്കെ രാജ്യ തലസ്ഥാനം കേന്ദ്രമാക്കി നടത്തുന്ന അക്രമങ്ങൾ ആശങ്കാജനകമാണ്
 Cultural activists should not pipe pipers for anarchists: Tapasya

സാംസ്കാരിക പ്രവർത്തകർ അരാജകവാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Updated on

കോഴിക്കോട് : വിദ്യാർഥി സമരങ്ങളിൽ നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കുന്ന അരാജകവാദികൾക്ക് കലാ സാഹിത്യ മേഖലയിലെ ഒരു വിഭാഗം ആളുകൾ പിന്തുണ നൽകുന്നത് അപലപനീയമാണെന്ന് തപസ്യ കലാ സാംസ്കാരിക വേദി സംസ്ഥാന അധ്യക്ഷൻ പി. വിജയകൃഷ്‌ണൻ.

രാജ്യത്തിനും ജനാധിപത്യത്തിനും എതിരായ കലാപ നീക്കം വസ്തുതാപരമായി വിലയിരുത്തി പ്രതികരിക്കാൻ സാംസ്കാരിക പ്രവർത്തകർ തയാറാകണം. എഴുത്തിലൂടെയും കലയിലൂടെയും ആർജിച്ച ജനസമ്മതി നാടിന്‍റെ സർഗാത്മക പുരോഗതിക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്.

പ്രതിഷേധമെന്ന പേരിൽ പല ഭാഗങ്ങളിലും നടക്കുന്ന പരിപാടികളിൽ കേൾക്കുന്ന പാട്ടുകളും മുദ്രാവാക്യങ്ങളും സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണ്. അതിനെല്ലാം കൈയടിക്കുന്ന മുതിർന്ന എഴുത്തുകാർ അടക്കമുള്ളവരുടെ ചിത്രം ദയനീയമാണ്. ദേശവിരുദ്ധ അജൻഡകളുടെ കുഴലൂത്തുകാരായി സാംസ്കാരിക മേഖല അധഃപതിക്കാൻ പാടില്ല.

സ്വാതന്ത്ര്യ ദിനാഘോഷം അടുത്തിരിക്കെ രാജ്യ തലസ്ഥാനം കേന്ദ്രമാക്കി നടത്തുന്ന അക്രമങ്ങൾ ആശങ്കാജനകമാണ്. ഇതിന് പിന്നിലുള്ള എല്ലാ ശക്തികളെയും തിരിച്ചറിയുകയും തുറന്നു കാട്ടുകയും വേണം.ചോദ്യ ചോർച്ച പോലുള്ള ഗുരുതര വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ ഇടപെടൽ സർക്കാരിന്‍റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടാകണം. നിലവിൽ പ്രശ്നം പരിഹരിക്കപ്പെടുകയും പരീക്ഷ വീണ്ടും നടത്തി ഫലം വരുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ ശക്തമായ നടപടികൾ പ്രധാനമന്ത്രി നേരിട്ടു തന്നെ വിദ്യാർഥികൾക്ക് ഉറപ്പും നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരും ഈ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാകണം. വിദ്യാർഥി സമൂഹത്തിന്‍റെ സുരക്ഷിത ഭാവിക്കു വേണ്ടി ഒപ്പം നിൽക്കുന്നതോടൊപ്പം രാജ്യവിരുദ്ധരെ ഒറ്റപ്പെടുത്തേണ്ടതും സാംസ്‌കാരിക ലോകത്തിന്‍റെ കടമയാണ്.

ദൗർഭാഗ്യവശാൽ കേരളത്തിലെ ചില എഴുത്തുകാരും സിനിമാ, ടിവി പ്രവർത്തകരും രാജ്യത്തിനെതിരായ അജൻഡകളുടെ പ്രചാരവേല നടത്തുകയാണ്. നീറ്റ് പരീക്ഷയടക്കമുള്ള വിഷയങ്ങളിൽ വിദ്യാർഥികൾക്ക് മുമ്പുള്ളതിനെക്കാളെല്ലാം നടപടിക്രമങ്ങൾ സുതാര്യമായ ഇക്കാലത്ത് സ്വയം തിരുത്തി അവരെ ശരിവഴിക്ക് നടത്തേണ്ട ചുമതലയാണ് പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന സാംസ്കാരിക പ്രവർത്തകർ ചെയ്യണ്ടത്- തപസ്യ അധ്യക്ഷൻ പ്രസ്താവനയിലൂടെ ഓർമിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com