അനധികൃത ഡിജിറ്റൽ വായ്പ: നിയമനിർ‌മാണം വേണമെന്ന് കെ.സി. വേണുഗോപാൽ

ഇത്തരം ആപ്പുകൾ നടത്തുന്ന പണം തട്ടൽ, ഡേറ്റ ചോർത്തൽ, സൈബർ അധിക്ഷേപം എന്നിവ ഗുരുതരമായ ജാമ്യമില്ലാക്കുറ്റങ്ങളായി പ്രഖ്യാപിക്കണം.
K.C. Venugopal's morphed image; Police allege attempt to remove channel from case

കെ.സി. വേണുഗോപാൽ

Updated on

തിരുവനന്തപുരം: അനധികൃത ഡിജിറ്റൽ വായ്പകൾ കർശനമായി നേരിടുന്നതിനായി ശക്തവും സമഗ്രവുമായ പുതിയ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നൽകി. ഇത്തരം ആപ്പുകൾ നടത്തുന്ന പണം തട്ടൽ, ഡേറ്റ ചോർത്തൽ, സൈബർ അധിക്ഷേപം എന്നിവ ഗുരുതരമായ ജാമ്യമില്ലാക്കുറ്റങ്ങളായി പ്രഖ്യാപിക്കണം. ധനകാര്യ, ഐടി, ആഭ്യന്തര മന്ത്രാലയങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അടിയന്തരമായി ഒരു സംയുക്ത ദൗത്യസംഘം രൂപീകരിച്ച് ഈ ശൃംഖലയെ തകർക്കാനും ഇവരുടെ നിയമവിരുദ്ധമായ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും. നടപടി ഉണ്ടാകണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

ലോൺ ആപ്പുകൾ റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ പലിശ ഈടാക്കുന്നത് തടയുകയും പ്രോസസിംഗ് ഫീസിനും പലിശയ്ക്കും കൃത്യമായ പരിധി നിശ്ചയിക്കുകയും വേണം. ഉപഭോക്താക്കളുടെ കോൺടാക്റ്റുകൾ, ഗാലറി എന്നിവയിലേക്ക് ആപ്പുകൾക്ക് അനുമതി നൽകുന്നത് കർശനമായി നിരോധിക്കുകയും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ഏജന്‍റുമാർ നടത്തുന്ന ഭീഷണികളും അശ്ലീല സന്ദേശങ്ങളും തടയാൻ കർശന നിയമം വേണം. ഭീഷണിയുമായി രംഗത്തെത്തുന്ന ഇത്തരം ആപ്പുകൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കാൻ പ്രത്യേക ഹെൽപ്പ്‌ലൈനോ പോർട്ടലോ കാര്യക്ഷമമാക്കേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ വേണുഗോപാൽ ബന്ധുക്കളെയോ ഉത്തരവാദിത്തപ്പെട്ടവരെയോ നോമിനിയായി ഉൾപ്പെടുത്തണമെന്ന മാനദണ്ഡം ഉറപ്പാക്കുന്നതിലൂടെ ലോൺ ആപ്പുകളുടെ ഇടപാടുകളെ കുറിച്ച് ഉറ്റവർക്ക് അറിയാൻ സാധിക്കും എന്നും പറഞ്ഞു.

ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ലോൺ ആപ്പുകൾ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് അവയ്ക്ക് ആർബിഐ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്താൻ ടെക് കമ്പനികൾക്ക് കർശന നിർദ്ദേശം നൽകണം.

നിയമപരമായ അനുമതിയുള്ള ലോൺ ആപ്പുകളുടെ ഒരു പട്ടിക പൊതുജനങ്ങൾക്ക് പരിശോധിക്കാനായി ഒരു ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ സജ്ജമാക്കണം. സോഷ്യൽ മീഡിയ വഴിയുള്ള ലോൺ ആപ്പുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കുകയും സെലിബ്രിറ്റികൾ ഇത്തരം ആപ്പുകളെ പ്രൊമോട്ട് ചെയ്യുന്നത് തടയുകയും ചെയ്യണമെന്നും ധനമന്ത്രിക്ക് നൽകിയ കത്തിൽ കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ജനങ്ങളെ ഈ കൊള്ളക്കാരിൽ നിന്നും രക്ഷിക്കാൻ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്നും ശക്തമായ നിയമനിർമ്മാണവും അടിയന്തര നടപടികളും ഉണ്ടാകാൻ പാർലമെന്‍റിലും പുറത്തും ശക്തമായ പോരാട്ടവും ഇടപെടലും നടത്തുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

ജാതീയമായ അധിക്ഷേപത്തെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ബി.ഡി.എസ്. വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി ഉണ്ടായിരുന്ന വിവരം പുറത്ത് വന്ന സാഹചര്യത്തിലാണ് ഇവയെ നിയന്ത്രിക്കേണ്ട പ്രാധാന്യം കെ.സി. വേണുഗോപാൽ ചൂണ്ടിക്കാണിച്ചത്. രാജ്യത്തുടനീളമുള്ള നിരവധി കുടുംബങ്ങളെ തകർക്കുകയും നിരപരാധികളുടെ ജീവനെടുക്കുകയും ചെയ്യുന്ന വളരെ ഗുരുതരമായ പ്രതിസന്ധിയാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത ഡിജിറ്റൽ ലോൺ ആപ്പുകൾ. സാധാരണക്കാരായ ജനങ്ങളെ വലിയ കടക്കെണിയിലേക്കും മാനസിക പീഡനങ്ങളിലേക്കുമാണ് ഇവ തള്ളിവിടുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com