വേർപാടിന്റെ ഒരു വർഷം; ഡോ. വന്ദന ദാസിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ മാതാപിതാക്കള്‍

മകളുടെ മരണത്തിന് പകരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 ലക്ഷം രൂപ തങ്ങൾ ഇതുവരെ കൈപ്പറ്റിയിട്ടില്ല
ഡോ. വന്ദനയുടെ ചിത്രം പതിച്ച അസ്ഥിത്തറയ്ക്ക് മുന്നിൽ പൂക്കൾ അർപ്പിക്കുന്ന പിതാവ് മോഹൻദാസ്
ഡോ. വന്ദനയുടെ ചിത്രം പതിച്ച അസ്ഥിത്തറയ്ക്ക് മുന്നിൽ പൂക്കൾ അർപ്പിക്കുന്ന പിതാവ് മോഹൻദാസ്

#ബിനീഷ് മള്ളൂശേരി

കോട്ടയം: ആതുരസേവന രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നതിനിടയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് ദാരുണമായി കൊലചെയ്യപ്പെട്ട യുവ ഡോക്റ്റര്‍ വന്ദന ദാസിന്റെ ഒന്നാം ചരമ വാര്‍ഷികദിനമായ ഇന്ന്, ഏക മകളുടെ വിയോഗം ഉൾക്കൊള്ളാനാവാതെ തങ്ങളുടെ മകള്‍ ഇപ്പോഴും ഒപ്പമുണ്ടെന്ന വിശ്വാസത്തിൽ ജീവിക്കുകയാണ് മാതാപിതാക്കളായ മോഹന്‍ദാസും വസന്തകുമാരിയും. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പിൽ) വീട്ടിൽ പൊന്നോമന മകള്‍ ഉപയോഗിച്ച മുറിക്ക് ചുറ്റുമാണ് ഇപ്പോള്‍ ഇവരുടെ ലോകം. വന്ദന ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും വീട്ടിലെ പഠനമുറിയില്‍ ഒരുക്കി വച്ചിട്ടുണ്ട് സ്‌റ്റെതസ്‌കോപ്പ്, കോട്ട്, വസ്ത്രങ്ങള്‍, പുസ്‌കങ്ങള്‍, പേനകള്‍, ചെരിപ്പുകള്‍, വന്ദനയുടെ കയ്യിലുണ്ടായിരുന്ന പണം എന്നിവയെല്ലാം ഈ മുറിയിലുണ്ട്. വീടിന് മുന്നിലെ ഡോ. വന്ദന ദാസ് എം.ബി.ബി.എസ് എന്ന ബോർഡും ഒരു നോവായി ഇന്നും കാണാം.

ഇങ്ങനെയൊരവസ്ഥ ലോകത്തൊരു മാതാപിതാക്കള്‍ക്കും ഉണ്ടാകരുത് വിതുമ്പിക്കൊണ്ട് മോഹന്‍ദാസ് പറയുന്നു. പഞ്ചപാവമായ മകള്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവരില്‍ നിന്ന് വേണ്ടത്ര സഹായം കിട്ടിയിട്ടില്ല. സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. മകള്‍ മരിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ അവളുടെ അസ്ഥിത്തറയില്‍ ബലിയിട്ടു. ഒരു അനാഥാലയത്തില്‍ അന്നദാനം നല്‍കി. അഗതികള്‍ക്കൊപ്പം ഞങ്ങളും ഒപ്പം ഭക്ഷണം കഴിച്ചു. അവളുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവരെ സഹായിക്കുക എന്നത്. പഠിച്ച് പാസായി അട്ടപ്പാടിയില്‍ പോയി പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് വന്ദനമോൾടെ ആഗ്രഹമായിരുന്നു. അതിനവൾക്കായില്ല. അവളുടെ അമ്മ വസന്തകുമാരിയുടെ പേരിലുള്ള തൃക്കുന്നപുഴയിലുള്ള സ്ഥലത്ത് അവളുടെ ഓര്‍മയ്ക്കായി ഒരു ക്ലിനിക് നിര്‍മിക്കും. മകളുടെ കൂടെ പഠിച്ചവര്‍ അവിടെയെത്തി പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കണ്ണീരോടെ മോഹന്‍ദാസ് പറഞ്ഞു.

മകളുടെ മരണത്തിന് പകരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 ലക്ഷം രൂപ തങ്ങൾ ഇതുവരെ കൈപ്പറ്റിയിട്ടില്ല. തുക കൈപ്പറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ സര്‍ക്കാരിൻ്റെ പ്രതിനിധികള്‍ തങ്ങളെ സമീപിച്ചെങ്കിലും മകളുടെ ജീവന്റെ വില സര്‍ക്കാരല്ല നിശ്ചയിക്കേണ്ടതെന്ന നിലപാടാണ് മോഹൻദാസിന്. തങ്ങള്‍ക്ക് ആരുമില്ലാതായി. മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണം. എന്താണ് സംഭവിച്ചതെന്നറിയാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. തങ്ങളുടെ കുഞ്ഞിൻ്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ആരോഗ്യവകുപ്പ് അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച തന്നെയാണെന്ന് മോഹന്‍ദാസും വസന്തകുമാരിയും ഇന്നും വിശ്വസിക്കുന്നു.

വന്ദനയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയെങ്കിലും പരമോന്നത കോടതിയെ സമീപിക്കുന്ന കാര്യങ്ങളിലടക്കം ശ്രമം നടത്തി വരികയാണ്. കോടതി നടപടികളില്‍ വിശ്വാസമുണ്ട്. പക്ഷേ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് ന്യായമായ പിന്തുണ നമുക്ക് കിട്ടിയിട്ടില്ല. സി.ബി.ഐ അന്വോഷണത്തിന് എന്തിനാണ് സർക്കാർ എതിര് നിൽക്കുന്നതെന്ന് മനസിലാകുന്നില്ല. മകള്‍ക്കുണ്ടായ ദുരനുഭവം ഇനി ആര്‍ക്കും ഉണ്ടാകരുതെന്നും മോഹൻദാസ് പറഞ്ഞു. ബുധനാഴ്ച പ്രതി സന്ദീപിനെ കൊല്ലത്തെ വിചാരണക്കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി നടപടികൾ വീക്ഷിക്കുവാൻ മോഹൻദാസും വസന്തകുമാരിയും പോയി. പൊന്നോമന മകളുടെ ഘാതകനെ കണ്ടതോടെ ഇരുവരുടെയും മനസ് നിയന്ത്രണം വിട്ടു. പ്രകോപിതരായ ഇരുവരെയും പൊലീസ് ഇടപെട്ട് ശാന്തരാക്കി.

2023 മെയ് 10ന് രാവിലെ ഏഴുമണിയോടെയാണ് മോഹൻദാസിൻ്റെ ഫോണിലേക്ക് വെള്ളിടി പോലെ ആ വിവരം എത്തിയത്. മകൾ വന്ദനയ്ക്ക് ഒരപകടം സംഭവിച്ചു എന്നും എത്രയും വേഗം കൊല്ലത്തുള്ള ആശുപത്രിയിൽ എത്തണമെന്നുമായിരുന്നു വിവരം. മോഹന്‍ദാസും വസന്തകുമാരിയും ഒരു ബന്ധുവിനൊപ്പം പുറപ്പെട്ട് ആശുപത്രിയിലെത്തിയപ്പോൾ അവരെ നയിച്ചത് മോർച്ചറിയുടെ ഭാഗത്തേക്കായിരുന്നു. അവിടെ അവർ കണ്ടത് സ്ട്രെച്ചറിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ തങ്ങളുടെ പൊന്നോമനയുടെ മൃതദേഹമായിരുന്നു.

അന്ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കൃത്യനിർവഹണത്തിനിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി സമയത്ത് പുലര്‍ച്ചെ നാലരയോടെയാണ് പൊലീസുകാര്‍ ലഹരിക്കടിമയായ സന്ദീപ് എന്നയാളെ കാലിലെ മുറിവ് തുന്നിക്കെട്ടുവാന്‍ ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം ഇയാൾക്ക് കൈവിലങ്ങ് വച്ചിരുന്നില്ല. മുറിവ് തുന്നി കെട്ടുന്നതിനിടെ പ്രകോപിതനായ സന്ദീപ് മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് വന്ദനയെ കഴുത്തിലും മുതുകിലും പിന്നില്‍ നിന്നും നിരവധി തവണ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവര്‍ത്തകരും അക്രമാസക്തനായ പ്രതിയെ കീഴടക്കി. ശേഷം വന്ദനയെ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം രാവിലെ 9 മണിയോടെ സ്ഥിരീകരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com