മദർ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നു

കേരള സഭയിലെ ആദ്യ സന്ന്യാസിനിയും ഇന്ത്യയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയും
മദർ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നു

മദർ ഏലീശ്വാ

Updated on

കൊച്ചി: കേരള സഭയിലെ ആദ്യ സന്ന്യാസിനിയും ഇന്ത്യയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്‍റെ തിരുക്കര്‍മം ശനിയാഴ്ച വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ നടത്തും.

വൈകിട്ട് 4.30ന് നടക്കുന്ന ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. ലെയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും. വത്തിക്കാന്‍റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും.

കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടര്‍ന്ന് മദറിന്‍റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.

ദിവ്യബലിക്കു ശേഷം ഏലീശ്വാമ്മയുടെ നൊവേന, സുവനീര്‍, കോഫി ടേബിള്‍ ബുക്ക് എന്നിവയുടെ പ്രകാശനം നടക്കും. ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിക്കും. തുടര്‍ന്ന് ഏലീശ്വചരിതം ഗാനശിൽപ്പത്തിന്‍റെ അവതരണമുണ്ടാകും.

വാര്‍ത്താസമ്മേളനത്തില്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് ഡോ. ആന്‍റണി വാലുങ്കല്‍, സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീല സിടിസി, സംഘാടകസമിതി ചെയര്‍പേഴ്സണ്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ എന്നിവർ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com