
കോട്ടയം: മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. കുട്ടിയുടെ മരണത്തിൽ പിതാവ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കോട്ടയം കൊല്ലാട് വട്ടുകുന്നേൽ ഇരട്ടപ്ലാമൂട്ടിൽ ഇ.ആർ രാജീവിന്‍റെ മകൾ രസികയാണ് (15) മരിച്ചത് . കോട്ടയം മൗണ്ട് കാർമൽ ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രസികയ്ക്ക് പനിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ സ്റ്റോറിൽനിന്ന് ഗുളിക വാങ്ങി കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പിന്നീട് നിർത്താതെ ഛർദിച്ചതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവശത വർധിച്ചതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാത്രി ഏഴരയോടെ മരണപ്പെടു കയായിരുന്നു. മഞ്ഞപ്പിത്തം മൂലമാണ് കുട്ടിയുടെ മരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.