കൊച്ചി വിമാനത്താവളത്തിൽ 11 എയർ റൈഫിളുകൾ പിടികൂടി; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ കസ്റ്റംസിന്‍റെ പിടിയിൽ

ലഗേജ് പരിശോധിച്ചപ്പോഴാണ് റൈഫിളുകൾ വിവിധ ഭാഗങ്ങളാക്കി വേർതിരിച്ച് സാധനങ്ങൾക്കിടയിൽ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്
Representative image

പ്രതീകാത്മക ചിത്രം

Updated on: 

കൊച്ചി: ദുബായിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിൽനിന്ന് 11 എയർ റൈഫിളുകൾ കസ്റ്റംസ് പിടിച്ചെടുത്തു. അഴിച്ചുമാറ്റിയ നിലയിൽ ലഗേജിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന വിവിധ മോഡലുകളിലുള്ള എയർ റൈഫിളുകളാണ് കണ്ടെത്തിയത്.

യാത്രക്കാരായ രമേഷ് മച്ചാട്ട്, സിജോയ് ശശി എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഇൻഡിഗോയുടെ വിമാനത്തിലാണ് ഇരുവരും ദുബായിൽ നിന്ന് എത്തിയത്. ലഗേജ് പരിശോധിച്ചപ്പോഴാണ് റൈഫിളുകൾ വിവിധ ഭാഗങ്ങളാക്കി വേർതിരിച്ച് സാധനങ്ങൾക്കിടയിൽ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്.

പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരത്തിൽ കൊണ്ടുവന്നതെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. പിടിച്ചെടുത്ത റൈഫിളുകളും അനുബന്ധ ഉപകരണങ്ങളും സാങ്കേതിക പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. എയർ റൈഫിളുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയമപരമായ രേഖകൾ ഹാജരാക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയുടെയും രേഖകളുടെ സ്ഥിരീകരണത്തിന്‍റെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.