സെക്രട്ടേറിയറ്റിന്‍റെ കുടിശിക 11 ലക്ഷം, ഡിസ്കണക്‌ഷൻ നോട്ടീസയച്ച് കെഎസ്ഇബി

മാധ്യമ സ്ഥാപനം, സിനിമാ തിയെറ്ററുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, എം സാൻഡ് നിർമാണ സ്ഥാപനങ്ങൾ എന്നിങ്ങനെ സ്വകാര്യ സ്ഥാപനങ്ങൾക്കും ലക്ഷങ്ങളുടെ കുടിശികയുണ്ട്
സെക്രട്ടേറിയറ്റിന്‍റെ കുടിശിക 11 ലക്ഷം, ഡിസ്കണക്‌ഷൻ നോട്ടീസയച്ച് കെഎസ്ഇബി

#എം.ബി. സന്തോഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വാണരുളുന്ന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വൈദ്യുതി വകുപ്പിന് അടയ്ക്കാനുള്ളത് 11 ലക്ഷത്തിലേറെ രൂപ. സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കൽ കോളെജ് ആശുപത്രിയായ തിരുവനന്തപുരം മെഡിക്കൽ കോളെജ് ഒടുക്കാനുള്ളത് 32 ലക്ഷത്തിലേറെ രൂപ. ഡിസ്കണക്‌ഷൻ നോട്ടീസ് ഇതിനകം അയച്ചുകഴിഞ്ഞ സ്ഥാപനങ്ങളുടെ കൂട്ടത്തിലുള്ളവയാണിവ.

പബ്ലിക് ഓഫിസിലെ റവന്യൂ കോംപ്ലക്സിന് 8,85,023 രൂപയാണ് വൈദ്യുതി കുടിശിക. പേരൂർക്കടയിലെ ജില്ലാ ആശുപത്രി (36,066), കണ്ണാശുപത്രി (4,75,429), നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിങ് (1,93,950) എന്നിവയും ഡിസ്കണക്‌ഷൻ അറിയിപ്പ് ലഭിച്ചവയുടെ പട്ടികയിലുണ്ട്.

മാധ്യമ സ്ഥാപനം, സിനിമാ തിയെറ്ററുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, എം സാൻഡ് നിർമാണ സ്ഥാപനങ്ങൾ എന്നിങ്ങനെ സ്വകാര്യ സ്ഥാപനങ്ങൾക്കും ലക്ഷങ്ങളുടെ കുടിശികയുണ്ട്. സംസ്ഥാനത്തെ ‌ഒരു പ്രമുഖ ആശ്രമത്തിന്‍റെ വൈദ്യുതി കുടിശിക 15.7 ലക്ഷത്തിലേറെ രൂപയാണ്. ദേശീയ ഗെയിംസ് കേരളത്തിൽ നടന്നിട്ട് 9 വർഷം കഴിഞ്ഞെങ്കിലും അതിന്‍റെ പേരിലുള്ള ഗെയിംസ് സെക്രട്ടേറിയറ്റിന്‍റെ വൈദ്യുതി കുടിശിക 1,80,885 രൂപയാണ്.

സർക്കാർ സ്ഥാപനങ്ങളിൽ പലതിനും ബജറ്റിൽ പണം വകയിരുത്തിയിട്ടുണ്ടെങ്കിലും അത് ചിലേടങ്ങളിൽ ഇനിയും അനുവദിച്ചിട്ടില്ല. സ്വന്തമായി വരുമാനമുണ്ടാക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ ഇപ്പോഴും പണം ഉണ്ടെങ്കിലും വൈദ്യുതി വിച്ഛേദിക്കില്ലെന്ന പ്രതീക്ഷയിൽ അടയ്ക്കാതിരിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ ഇക്കൂട്ടത്തിൽ തന്നെയുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com