സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

ചില പക്ഷികളിൽ നിന്നും ക്യൂലക്സ് കൊതുക് വഴിയുമാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്
west nile fever test
west nile fever test

കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന കൊതുജന്യ രോഗമായ വെസ്റ്റ്‌ നൈൽ പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട് പേരുടെ മരണം വെസ്റ്റ്‌ നൈൽ മൂലമാണോ എന്ന് സംശയമുള്ളതിനാൽ സാംപിളുകൾ പരിശോധനയ്ക്കയച്ചു. ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.

കോഴിക്കോട്ട് 4 പേർക്കും മലപ്പുറത്ത് 5 പേർക്കും തൃശൂരിൽ 2 പേർക്കുമാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേർ രോഗമുക്തരായി. പനിയെ തുടർന്ന് ചികിത്സ തേടിയവരിൽ വെസ്റ്റ് നൈൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ വെസ്റ്റ്നൈൽ വൈറസ് കണ്ടെത്തിയിരുന്നു.

പിന്നീട് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ചില പക്ഷികളിൽ നിന്നും ക്യൂലക്സ് കൊതുക് വഴിയുമാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. പ്രായമായവർ മറ്റ് രോഗങ്ങളുള്ളവർ എന്നിവരിൽ മാത്രമാണ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങാറുള്ളത്.

ശക്തമായ തലവേദന, തലച്ചോറിനെ ബാധിച്ച ശേഷം പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, അപസ്മാരം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം എന്നിവയൊക്കെ ഇതിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. പക്ഷികളെയും മനുഷ്യരെയും ഒരുപോലെ കടിക്കുന്ന കൊതുകുകൾ പക്ഷികളുടെ ദേഹത്തു നിന്ന് വൈറസിനെ സ്വീകരിക്കുകയും അത് മനുഷ്യനിലേക്ക് പകരുകയും ചെയ്യും. അപ്പോൾ മനുഷ്യർ രോഗികളാകും. ഈ പനിയെ പ്രതിരോധിക്കാന്‍ കൊതുക് കടിക്കാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് പ്രധാനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com