പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ വഴി 13 കോടി രൂപയുടെ അധികനേട്ടം; മന്ത്രി മുഹമ്മദ് റിയാസ്

ലിഫ്റ്റ് സൗകര്യവും ജനറേറ്റർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ മന്ദിരം പ്രവർത്തനക്ഷമമാകുന്നതോടെ 27 ശീതീകരിച്ച മുറികളടക്കം 37 മുറികൾ ലഭ്യമാണ്
പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ വഴി 13 കോടി രൂപയുടെ അധികനേട്ടം; മന്ത്രി മുഹമ്മദ് റിയാസ്
Updated on

കോട്ടയം: ഓൺലൈൻ ബുക്കിങ് ആരംഭിച്ചശേഷം പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ്ഹൗസുകൾ വഴി 13 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചതെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ കോട്ടയം റസ്റ്റ് ഹൗസിലെ പുതിയ കെട്ടിടത്തിന്റെയും മുട്ടമ്പലത്തെ വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓൺലൈൻ ബുക്കിങ് ആരംഭിച്ചതോടെ അക്ഷരാർഥത്തിൽ റെസ്റ്റ് ഹൗസുകൾ ജനങ്ങളുടെ റെസ്റ്റ് ഹൗസായി മാറി. 3ലക്ഷത്തോളം പേർ ഇതിനോടകം ഈ സൗകര്യം ഉപയോഗപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. കോട്ടയം റെസ്റ്റ് ഹൗസ് അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സഹകരണ-തുറമുഖ മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലയിൽ പൊതുപരിപാടികൾക്ക് ചെറിയ ഹാളുകൾ ഇല്ലാത്ത അവസ്ഥയായിരുന്നു. പുതിയ റെസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാൾ ഈ പ്രശ്‌നം പരിഹരിച്ചു. ഇത്രയും ആധുനികസൗകര്യത്തോടു കൂടിയ ഒരു പൊതുമരാമത്ത് റെസ്റ്റ് ഹൗസ് കേരളത്തിൽ തന്നെയില്ല എന്നും കോട്ടയം ജില്ലക്കാർക്ക് ഇക്കാര്യത്തിൽ അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

പറയുന്ന കാര്യങ്ങൾ നടപ്പാക്കിക്കാണിക്കുകയാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ. പരിമിതികൾക്കും പ്രയാസങ്ങൾക്കും ഇടയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് ജില്ലയിൽ നടത്തുന്നത്. കാരിത്താസ് റെയിൽവേ മേൽപ്പാലം നിർമാണം പൂർത്തിയാക്കി ഉ്ദ്ഘാടനത്തിന് സജ്ജമാണ്. മെഡിക്കൽ കോളെജിലെ അണ്ടർ പാസ് നിർമാണത്തിന്റെ ടെൻഡറുകൾ ഈ മാസം 27ന് തുറക്കുമെന്നും മന്ത്രി പറഞ്ഞു.

തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ശ്രീലേഖ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി.കെ. സന്തോഷ്‌കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ മായ എസ്. നായർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.വി. റസൽ, പ്രൊഫ. ലോപ്പസ് മാത്യൂ, സണ്ണി തോമസ്, ബെന്നി മൈലാടൂർ, സാജൻ ആലക്കുളം എന്നിവർ പ്രസംഗിച്ചു.

റെസ്റ്റ് ഹൗസിൽ 5.90 കോടി രൂപ ചെലവിലാണ് 1800 ചതുരശ്രമീറ്ററുള്ള പുതിയ കെട്ടിടം നിർമിച്ചത്. താഴത്തെ നിലയിൽ 160 പേർക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ കോൺഫറൻസ് ഹാളും ഡൈനിങ് ഹാളും വാഷ് റൂമുകളും ടോയ്ലറ്റ് ബ്ലോക്കുമുണ്ട്. ഒന്നും രണ്ടും നിലകളിലായി 14 ശീതികരിച്ച ഡബിൾ മുറികളും 2 സ്യൂട്ട് മുറികളുമുണ്ട്. ലിഫ്റ്റ് സൗകര്യവും ജനറേറ്റർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ മന്ദിരം പ്രവർത്തനക്ഷമമാകുന്നതോടെ 27 ശീതീകരിച്ച മുറികളടക്കം 37 മുറികൾ ലഭ്യമാണ്.

മുട്ടമ്പലത്ത് 4.20 കോടി രൂപ ചെലവിലാണ് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമിച്ചത്. 3293 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 3നിലകളായാണ് നിർമാണം. ഇവിടെ 53 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശക മുറി, വാർഡൻ, മേട്രൺ എന്നിവർക്കുള്ള മുറികളും ഡൈനിങ് ഏരിയയും അടുക്കളയും സ്റ്റോറും ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ വായനമുറി, ഡോർമിറ്ററി, റിക്രിയേഷൻ ഹാൾ, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവയുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com