
തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ഈച്ച പൊലൊരു പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന 13 കാരി മരിച്ചു. കോച്ചാരിമുക്കം പാണാറയിൽ അംജിതയാണ് മരിച്ചത്. മാർച്ച് ഒന്നിന് വൈകുന്നേരം വീട്ടിന് സമീപത്തുള്ള മള്‍ബെറി ചെടിയില്‍ നിന്ന് കായ പറിക്കുന്നതിനിടെ അംജിതയെ ഈച്ച പോലുള്ള പ്രാണി കുത്തുകയായിരുന്നു. കഴുത്തിന് പിന്നിലാണ് പ്രാണിയുടെ കുത്തേറ്റത്.
കുത്തേറ്റ് അധികം വൈകാതെ അലര്‍ജി പോലെ അംജിതയുടെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചു. ഇതേ തുടർന്ന് കുട്ടിയെ ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും പ്രാഥമിക ചികിത്സക്കുശേഷം മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അംജിത കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അണുബാധ കുട്ടിയുടെ ശ്വാസകോശം വരെ പടർന്നിരുന്നു. തുടർന്ന് വെന്‍റിലേറ്ററിന്‍റെ സഹായം നൽകുകയായിരുന്നു. തിരുവല്ല എംജിഎം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അംജിത. ഇതിനു മുൻപും പ്രാണികളുടെ കുത്തേറ്റ് കുട്ടികൾക്ക് അപകടമുണ്ടായിട്ടുണ്ട്.