സംസ്ഥാനത്ത് ഈ വർഷം പൂട്ടിയത് 14 കോളെജുകൾ

ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലാത്തതിനാലും വിദ്യാർഥികൾക്ക് താത്പര്യമുള്ള കോഴ്‌സുകൾ ഇല്ലാത്തതിനാലുമാണ് മഹാത്മാ ഗാന്ധി (എംജി) സർവകലാശാലയ്ക്കു കീഴിലെ 14 അൺ എയ്ഡഡ് കോളെജുകൾ പൂട്ടന്നത്
14 colleges were closed in the state this year
14 colleges were closed in the state this year
Updated on

ജിബി സദാശിവൻ

കൊച്ചി: ഗവേഷണ, തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകി കേരളത്തിലെ സർവകലാശാലകളിൽ 4 വർഷ ബിരുദ കോഴ്സുകൾക്ക് തുടക്കമായ ദിവസം തന്നെ സംസ്ഥാനത്തെ 14 കോളെജുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബാക്കുമെന്ന് സംസ്ഥാന സർക്കാർ അവകാശവാദം ആവർത്തിക്കുമ്പോഴാണ് ഈ വിചിത്രമായ അവസ്ഥ.

ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലാത്തതിനാലും വിദ്യാർഥികൾക്ക് താത്പര്യമുള്ള കോഴ്‌സുകൾ ഇല്ലാത്തതിനാലുമാണ് മഹാത്മാ ഗാന്ധി (എംജി) സർവകലാശാലയ്ക്കു കീഴിലെ 14 അൺ എയ്ഡഡ് കോളെജുകൾ പൂട്ടന്നത്. വിദേശ പഠനത്തിനായുള്ള വിദ്യാർഥികളുടെ കുത്തൊഴുക്കാണ് മുഖ്യ പ്രശ്നം. ഇവിടെ മെച്ചപ്പെട്ട കോഴ്സുകളും കുറവ്. ഇതുമൂലം സ്വാശ്രയ കോളെജുകളുടെ നിലനിൽപു തന്നെ അപകടത്തിലായി. സാമ്പത്തിക പ്രതിസന്ധി മൂലം മിക്ക കോളെജുകളും നടത്തിക്കൊണ്ട് പോകാനാവാത്ത സ്ഥിതിയിലാണ്. പൂട്ടുകയല്ലാതെ മറ്റു വഴികളൊന്നും ഇവർക്കു മുന്നിലില്ല.

മികച്ചതും കാലാനുസൃതവുമായ കോഴ്സുകൾ ആരംഭിക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ അക്കാദമിക് രംഗത്തില്ല. പല സർവകലാശാലകളും നാഥനില്ലാക്കളരികളാണ്. രാഷ്‌ട്രീയ പോരിന്‍റെ താവളങ്ങളായി അവ മാറി. പരമ്പരാഗത തട്ടിക്കൂട്ട് കോഴ്സുകൾ പഠിക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ലെന്ന തോന്നലാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ളത്. പ്രാഥമിക സൗകര്യങ്ങളോ, അക്കാദമിക് വിദഗ്ധരോ ഇല്ലാതെ തട്ടുകട നിലവാരത്തിലാണ് മിക്ക സ്വാശ്രയ കോളെജുകളും പ്രവർത്തിക്കുന്നത്.

എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്തെ സ്ഥിതി പരമ ദയനീയം. കഴിഞ്ഞ ദിവസം പുറത്തുവന്ന സാങ്കേതിക സർവകലാശാലയുടെ റിസൾട്ടിൽ 26 സ്വാശ്രയ സ്ഥാപനങ്ങളുടെ വിജയ ശതമാനം 10 ശതമാനത്തിൽ താഴെ. ഒരു കുട്ടി പോലും ജയിക്കാത്ത എൻജിനീയറിങ് കോളെജ് പോലും കേരളത്തിലുണ്ട്!

പൂട്ടാൻ തീരുമാനിച്ചവ

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ 14 സ്വാശ്രയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടാൻ യൂണിവേഴ്സിറ്റിക്ക് കത്ത് നൽകിയത്.

ഗിരിജ്യോതി കോളെജ് ഇടുക്കി, ഗുരു നാരായണ കോളെജ് തൊടുപുഴ, മരിയൻ ഇന്‍റര്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനെജ്മെന്‍റ് കുട്ടിക്കാനം, സിഇടി കോളെജ് ഓഫ് മാനെജ്മെന്‍റ് സയൻസ് ആൻഡ് ടെക്നോളജി പെരുമ്പാവൂർ, കെഎംഎം കോളെജ് ഫോർ വിമൻ എറണാകുളം, മേരിഗിരി കോളെജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് കൂത്താട്ടുകുളം, ശ്രീധർമശാസ്ത കോളെജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് നേര്യമംഗലം, ഗുഡ് ഷെപ്പേഡ് കോളെജ് കോട്ടയം, ഷേർ മൗണ്ട് കോളെജ് ഓഫ് ആർട്ട്സ് ആന്‍റ് കൊമേഴ്സ് എരുമേലി, ശ്രീരാമകൃഷ്ണ പരമഹംസ കോളെജ് ഓഫ് ആർട്ട്സ് സയൻസ് പൂഞ്ഞാർ, പോരുകര കോളെജ് ഓഫ് എഡ്യൂക്കേഷൻ ചമ്പക്കുളം, ശ്രീനാരായണ കോളെജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കുട്ടനാട്, ശബരി ദുർഗ കോളെജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് പത്തനംതിട്ട, ശ്രീനാരായണ ആർട്ട്സ് ആൻഡ് സയൻസ് കോളെജ് തിരുവല്ല എന്നിവയാണ് പൂട്ടുന്ന കോളെജുകള്‍.

Trending

No stories found.

Latest News

No stories found.