
ആശിർനന്ദ
പാലക്കാട്: തച്ചനാട്ടുകരയിൽ 14 വയസുകാരി ആശിർ നന്ദ ജീവനൊടുക്കിയതിനു പിന്നാലെ താത്കാലികമായി അടച്ചിട്ടിരുന്ന ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് സ്കൂൾ തുറന്നു. പുതിയ പിടിഎ ഭാരവാഹികളുടെ സാന്നിധ‍്യത്തിലായിരുന്നു സ്കൂൾ തുറന്നത്.
അതേസമയം പുതിയ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും തെരഞ്ഞെടുത്തു. പ്രിൻസിപ്പലായി സിസ്റ്റർ പൗലി, വൈസ് പ്രിൻസിപ്പലായി സിസ്റ്റർ ജൂലി തുടങ്ങിയവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആശിർനന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ചാണ് സ്കൂൾ അസംബ്ലി ചേർന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആശിർനന്ദ ജീവനൊടുക്കിയത്. വിദ‍്യാർഥിനിയുടെ ആത്മഹത‍്യക്ക് കാരണം സ്കൂളിലെ മാനസിക പീഡനമാണെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ മനോവിഷമം ഉണ്ടായതിനെത്തുടർന്നാണ് കുട്ടി ആത്മഹത‍്യ ചെയ്തതെന്നും വിദ‍്യാർഥിനിയുടെ അച്ഛനും അമ്മയും പറഞ്ഞിരുന്നു.
വിദ‍്യാഭ‍്യാസ വകുപ്പ് വിദ‍്യാർഥിനിയുടെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്കൂൾ താത്കാലികമായി അടച്ചിട്ടത്. മാർക്കിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമാണെന്നായിരുന്നു വിദ‍്യാഭ‍്യാസ വകുപ്പിന്‍റെ കണ്ടെത്തൽ.
മാർക്ക് കുറഞ്ഞുപോയാൽ തരം താഴ്ത്തുന്നതിന് സമ്മതമാണെന്ന കത്ത് ആശിർനന്ദയുടെ മാതാപിതാക്കളിൽ നിന്നും സ്കൂൾ അധികൃതർ നിർബന്ധമായി ഒപ്പിട്ട് വാങ്ങിയതായും കണ്ടെത്തിയിരുന്നു. ആശിർനന്ദയുടെ ആത്മഹത‍്യക്കുറിപ്പിലും 5 അധ‍്യാപകരിൽ നിന്നും നേരിടേണ്ടി വന്ന മാനസിക സമ്മർദത്തെ പറ്റി പറഞ്ഞിരുന്നു.