ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍

ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വര്‍ധിച്ചത്.
ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍
Updated on

തിരുവനന്തപുരം: ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പൊലീസിന്‍റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്‍. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്‍റെ നമ്പര്‍) എന്ന നമ്പറിലാണ് ഇത്രയും പരാതികളെത്തിയത്.

2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. ആരോപണവിധേയമായ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നു.

പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടിയെടുത്തു. ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്ക്കെതിരേ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും.

നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വര്‍ധിച്ചത്. ലോണ്‍ ആപ്പ് കേസുകളില്‍ ഇതുവരെ രണ്ട് എഫ്ഐആര്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സൈബര്‍ പൊലീസ് പറയുന്നു. എറണാകുളത്തും വയനാട്ടിലും. കഴിഞ്ഞ ദിവസം ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ അറിയിക്കാന്‍ 9497980900 എന്ന നമ്പര്‍ പൊലീസ് നല്‍കിയിരുന്നു. ഇന്നലെ വൈകുന്നേരം വരെ 300 പേര്‍ നമ്പറിലൂടെ പ്രതികരിച്ചു. ഇതില്‍ 5 സംഭവങ്ങള്‍ തുടര്‍നടപടികള്‍ക്കായി കൈമാറി. മറ്റുള്ള പ്രതികരണങ്ങള്‍ പരിശോധിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

ലോണ്‍ ആപ്പ് ചൂഷണങ്ങള്‍ക്കെതിരേ നിയമ നടപടി: വനിതാ കമ്മിഷന്‍

സംസ്ഥാനത്ത് ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമ ശൃംഖലകളിലൂടെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.

10 വനിതകളില്‍ കൂടുതല്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ പോഷ് ആക്റ്റ് പ്രകാരം പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണം. സെല്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുന്നതിനു ജില്ലാ കളക്റ്റര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കും. പൊതുപ്രവര്‍ത്തന രംഗത്തുള്ള സ്ത്രീകള്‍ക്കെതിരേയുള്ള അധിക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളും. മുന്‍കൂട്ടി അറിയിപ്പുകള്‍ നല്‍കാതെ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ നിഷേധിച്ച് അധ്യാപകരെ പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

ജില്ലാതല അദാലത്തില്‍ 81 പരാതികള്‍ പരിഗണിച്ചു. 11 എണ്ണം തീര്‍പ്പാക്കി. ഒരു പരാതി കൗണ്‍സിലിങ്ങിനായും, അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും അയച്ചു. 64 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മിഷന്‍ അംഗങ്ങളായ ഇന്ദിര രവീന്ദ്രന്‍, എലിസബത്ത് മാമ്മന്‍ മത്തായി, സര്‍ക്കിള്‍ ഇന്‍സ്പെക്റ്റർ ജോസ് കുര്യന്‍, അഭിഭാഷകരായ ബെച്ച കൃഷ്ണ, ജയ കമലാസനന്‍, ശുഭ, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com